ഐ.എ.വൈ: 3844 വീടുകള്‍ നിര്‍മിച്ചുനല്‍കും

കണ്ണൂര്‍: ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയില്‍ 2015-16 വര്‍ഷം ജില്ലയില്‍ 3844 വീടുകള്‍ നിര്‍മിച്ചു നല്‍കും. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഭവന രഹിത കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ വീടു നല്‍കുക. പട്ടികജാതി 535, പട്ടിക വര്‍ഗം 568, ന്യൂനപക്ഷം 1995, പൊതുവിഭാഗം 746 എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്രപദ്ധതികള്‍ സംബന്ധിച്ച ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 3279 വീടുകളുടെ നിര്‍മാണത്തിനായി ഗുണഭോക്താക്കള്‍ തദ്ദേശ സ്ഥാപനങ്ങളുമായി ഇതിനകം കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ 1900 വീടുകളാണ് പദ്ധതിയില്‍ പണി പൂര്‍ത്തീകരിച്ചത്. 2782 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. ഐ.എ.വൈ ഭവന നിര്‍മാണത്തിന് പൊതുവിഭാഗത്തില്‍ രണ്ടു ലക്ഷവും പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിന് മൂന്നു ലക്ഷം രൂപയുമാണ് സംസ്ഥാനത്ത് നല്‍കിവരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിഹിതം ചേര്‍ത്താണ് ഈ തുക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2016 ഫെബ്രുവരി വരെ 63.10 കോടി രൂപ ചെലവഴിച്ചു. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രോജക്ടുകള്‍ക്ക് ഒരാഴ്ചക്കകം ഭരണാനുമതി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു. മാര്‍ച്ച് മാസത്തോടെ, ജില്ലയിലെ ശുചിമുറിയില്ലാത്ത മുഴുവന്‍ വീടുകളിലും ശുചിമുറി സ്ഥാപിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധയോടെ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 8660 കുടുംബങ്ങള്‍ക്ക് കക്കൂസ് ഇല്ളെന്നാണ് സര്‍വേയില്‍ കണ്ടത്തെിയിട്ടുള്ളത്. ശരാശരി 20 മുതല്‍ 100 വരെ കക്കൂസുകള്‍ മാത്രമേ ഒരു തദ്ദേശ സ്ഥാപനത്തിന്‍െറ പരിധിയില്‍ നിര്‍മിച്ചു നല്‍കേണ്ടതുള്ളൂ. ഇതിനായി അടിയന്തരമായി പ്രോജക്ടുകള്‍ തയാറാക്കി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ എ.പി. അബ്ദുല്ലക്കുട്ടി, അഡ്വ.സണ്ണി ജോസഫ്, സി. കൃഷ്ണന്‍, ഗ്രാമവികസന മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി കെ.പി. ഗ്ളാഡ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.എം. ശശിധരന്‍, അസി. ഡയറക്ടര്‍ വി. സുദേശന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.