കലാമിന്‍െറ പ്രതിമാ അനാച്ഛാദനം; തീരുമാനമായില്ല

തലശ്ശേരി: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പ്രതിമ തലശ്ശേരിയില്‍ സ്ഥാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അനാച്ഛാദനം എപ്പോഴെന്ന കാര്യത്തില്‍ തീരുമാനമായില്ല. രാജ്യം ബഹുമാനിക്കുന്ന മിസൈല്‍മാനെ വഴിയരികില്‍ പൊതിഞ്ഞുവെച്ച കാഴ്ചയാണ് പൈതൃകനഗരം കടന്നുപോകുന്നവര്‍ ദിനവും കാണുന്നത്. അനാച്ഛാദനം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രി വരണമെന്ന നിലപാടിലാണ് അധികൃതരത്രേ. എന്നാല്‍, വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ വരവ് അനിശ്ചിതത്വത്തിലായത് അനാച്ഛാദനവും വൈകിക്കുകയാണ്. തലശ്ശേരി ട്രാഫിക് സ്റ്റേഷന് മുന്നിലെ ട്രാഫിക് ഐലന്‍ഡില്‍ സ്ഥാപിക്കുന്നതിന് തലശ്ശേരി ചേംബര്‍ ഓഫ് കോമേഴ്സ് നിര്‍മിച്ച ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ പൂര്‍ണകായ പ്രതിമ ശില്‍പി ഉണ്ണി കാനായിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിമാപ്രയാണമായി തലശ്ശേരിയിലത്തെിച്ചത്. ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജന്‍ ഫ്ളാഗോഫ് ചെയ്ത പ്രതിമാ പ്രയാണം വിവിധ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തലശ്ശേരിയിലത്തെിയശേഷം ശില്‍പിയും സംഘവും ഐലന്‍ഡില്‍ സ്ഥാപിക്കുകയായിരുന്നു. ആദ്യം കളിമണ്ണില്‍ നിര്‍മിച്ച 11 അടി ഉയരമുള്ള ശില്‍പം പ്ളാസ്റ്റര്‍ ഓഫ് പാരിസില്‍ മോള്‍ഡ് ചെയ്തശേഷമാണ് ഗ്ളാസ് ഫൈബറിലേക്ക് മാറ്റിയത്. ഇന്ത്യയില്‍ നിര്‍മിച്ച അബ്ദുല്‍കലാമിന്‍െറ ശില്‍പങ്ങളില്‍ ഏറ്റവും വലുതാണ് തലശ്ശേരിയിലേത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.