കല്യാശ്ശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി

പഴയങ്ങാടി: ടി.വി. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കല്യാശ്ശേരി മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കും. ഒന്നാം ക്ളാസ് ഒന്നാന്തരമാക്കാന്‍ മണ്ഡലത്തില്‍ സ്കൂള്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മകള്‍ രൂപവത്കരിക്കും. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്നതാണ് കൂട്ടായ്മ. ഫെബ്രുവരി 15നകം ജനകീയ കൂട്ടായ്മകള്‍ നിലവില്‍ വരും. കുട്ടികളെ കണ്ടത്തൊന്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 21ന് സ്കൂളിന്‍െറ സമീപ പ്രദേശങ്ങളില്‍ ഗൃഹ സന്ദര്‍ശനം നടത്തും.അധ്യയന വര്‍ഷത്തെ പഠന മികവിന്‍െറ പ്രദര്‍ശനവും സ്കൂള്‍ വാര്‍ഷികവും മാര്‍ച്ചില്‍ എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കും. ഇംഗ്ളീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിയ ഇംഗ്ളീഷ് കളരി പരിപാടി വിലയിരുത്തുന്നതിനായി സ്കൂള്‍തല, പഞ്ചായത്തുതല ഇംഗ്ളീഷ് ഫെസ്റ്റുകള്‍ നടത്തും. ഇതിനായി അധ്യാപകര്‍ക്ക് ഡയറ്റ് മുഖേന പ്രത്യേക പരിശീലനം നല്‍കി. ഇംഗ്ളീഷ് പഠനം മെച്ചപ്പെടുത്താന്‍ എല്‍.ഇ.ഡി ടി.വി ഉപയോഗിച്ച് പ്രത്യേക പരിശീലനവും ഗൂഗിള്‍ ഉപയോഗിച്ചുള്ള വിന്‍ കിഡ്സ് പദ്ധതിയും നടത്തിവരുന്നു. ഇതിന്‍െറ പ്രവര്‍ത്തനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും എല്‍.ഇ.ഡി ടി.വി നല്‍കി. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള വികസന രേഖ എല്ലാ വിദ്യാലയങ്ങളിലും മാര്‍ച്ച് 31നകം തയാറാക്കും. കെട്ടിടം, ഓഡിറ്റോറിയം, ഗ്രൗണ്ട് നിര്‍മാണം, സ്കൂള്‍ ബസ്, കമ്പ്യൂട്ടര്‍ ലാബ്, എല്‍.സി.ഡി പ്രൊജക്ടര്‍, എല്‍.ഇ.ഡി ടി.വി, ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഗേള്‍സ് ഫ്രന്‍റ്ലി റൂം എന്നിങ്ങനെ വിവിധ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തും. ഇതിനായി 30 കോടി രൂപ എം.എല്‍.എയുടെ പ്രത്യേക വികസന നിധി, ആസ്തി ഫണ്ട്, സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഈ കാലയളവില്‍ മണ്ഡലത്തില്‍ അനുവദിച്ചിട്ടുണ്ട്. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കല്യാശ്ശേരി മണ്ഡലം വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ മാടായി ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. വിമല അധ്യക്ഷത വഹിച്ചു. ടി.വി. രാജേഷ് എം.എല്‍.എ, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. നാരായണന്‍കുട്ടി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്.കെ. ആബിദ (മാടായി), എം. കുഞ്ഞിരാമന്‍ (കുഞ്ഞിമംഗലം), കെ.വി. രാമകൃഷ്ണന്‍ (കണ്ണപുരം), ഹസന്‍കുഞ്ഞി മാസ്റ്റര്‍ (ചെറുകുന്ന്), ഇ.പി. ഓമന (കല്യാശ്ശേരി), പി. പ്രഭാവതി (ചെറുതാഴം), ഇ.പി. ബാലന്‍ (കടന്നപ്പള്ളി പാണപുഴ), ആനക്കീല്‍ ചന്ദ്രന്‍ (പട്ടുവം), ജില്ലാ പഞ്ചായത്ത് അംഗം പി.പി. ഷാജിര്‍, തളിപ്പറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഇ. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. വിശ്വനാഥന്‍ മാസ്റ്റര്‍ സ്വഗതവും സി. കാര്‍ത്യായനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.