ലിംഗസമത്വ ആശയവുമായി ‘വിചിത്ര–ഞാന്‍ നീയാണ്’

തലശ്ശേരി: സ്ത്രീയും പുരുഷനും ഒരാള്‍ക്ക് പകരമായല്ല, ഒരാള്‍ മറ്റൊരാളെ പൂരിപ്പിക്കുകയാണെന്ന ആശയം പങ്കുവെച്ച് പി.വി. ബിന്ദുവിന്‍െറ ചിത്രങ്ങള്‍. മനുഷ്യസൃഷ്ടിയിലെ ക്രോമസോമുകളില്‍ ഒന്നിന്‍െറ മാത്രം വ്യത്യാസത്തില്‍ സംഭവിക്കുന്ന ലിംഗ വേര്‍തിരിവിന്‍െറ പേരില്‍ അസമത്വമെന്തിനെന്ന ചോദ്യമുന്നയിക്കുകയാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ തളിപ്പറമ്പുകാരിയായ ചിത്രകാരി. സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെ 36 ഡിജിറ്റല്‍ പെയിന്‍റിങ്ങുകളിലൂടെ ജനിതക ശാസ്ത്രം ഉപയോഗിച്ച് വിശദീകരിക്കുകയാണ് ബിന്ദു. ഒറ്റക്ക് വളരേണ്ടിവരുന്ന കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമവും അതുവഴി വ്യക്തിത്വവും സ്വപ്നവും നഷ്ടപ്പെടുന്ന കുട്ടികളായി അവര്‍ മാറുന്നതും ആല്‍മരത്തിന്‍െറ തൂങ്ങുന്ന വേരുകളില്‍ വരച്ചുചേര്‍ത്ത ‘ആല്‍മരപ്പൂക്കള്‍’ എന്ന മൂന്ന് ചിത്രങ്ങളടങ്ങിയ പരമ്പര വരച്ചുകാട്ടുന്നു. സൂര്യനെല്ലി, പെണ്‍ഭ്രൂണഹത്യ എന്നിവയും സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനത്തില്‍ ഊന്നിയുള്ള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. എട്ട് വര്‍ഷമായി ചിത്രകലാ രംഗത്ത് സജീവമായ ബിന്ദു ഐ.ടി മേഖലയിലെ ജോലിയില്‍ നിന്നാണ് ഡിജിറ്റല്‍ പെയിന്‍റിങ് എന്ന ആശയത്തിലേക്കത്തെിയത്. രാജ്യത്താകെ സ്ത്രീ-പുരുഷ സമത്വമെന്ന സന്ദേശമുയര്‍ത്തി യാത്ര ചെയ്യാനൊരുങ്ങുന്ന ബിന്ദു തിരുവനന്തപുരത്തുനിന്നാണ് പ്രയാണം ആരംഭിച്ചത്. വിവിധ സ്കൂളുകളില്‍ പ്രദര്‍ശനത്തിനുശേഷം കോഴിക്കോട് ആര്‍ട് ഗാലറിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീടാണ് തലശ്ശേരിയിലത്തെിയത്. തൃശൂര്‍, ബംഗളൂരു, ബറോഡ എന്നിവിടങ്ങളിലേക്കാണ് ‘വിചിത്ര-ഞാന്‍ നീയാണ്’ ചിത്രങ്ങളുമായി ബിന്ദുവിന്‍െറ ഇനിയുള്ള യാത്ര. തലശ്ശേരി ആര്‍ട്സ് സൊസൈറ്റി ഹാളിലെ പ്രദര്‍ശനം ഫെബ്രുവരി ഏഴിന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.