കൈത്തറി ഗ്രാമം യാഥാര്‍ഥ്യമായില്ല; പ്രഖ്യാപനവുമായി സര്‍ക്കാര്‍ വീണ്ടും

കണ്ണൂര്‍: നല്‍കിയ വാഗ്ദാനം യാഥാര്‍ഥ്യമാകാതിരിക്കെ കണ്ണൂര്‍ കൈത്തറി മേഖലക്ക് വീണ്ടും സര്‍ക്കാറിന്‍െറ വാഗ്ദാനം. അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതി പ്രഖ്യാപനത്തില്‍ ഒതുങ്ങിയപ്പോഴാണ് കൈത്തറി മേഖലയെയും തൊഴിലാളികളെയും മോഹിപ്പിക്കാന്‍ പുതുവാഗ്ദാനം നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍ നിയമസഭയില്‍ നടത്തിയ സര്‍ക്കാറിന്‍െറ നയപ്രഖ്യാപനത്തിലെ കണ്ണൂരില്‍ കൈത്തറി പ്രദര്‍ശന പരിശീലന ശാല തുടങ്ങുമെന്ന വാഗ്ദാനം ജനങ്ങള്‍ സംശയദൃഷ്ടിയോടെ മാത്രമേ കാണാനിടയുള്ളൂ. ഒരുകാലത്ത് കണ്ണൂരിന്‍െറ പ്രധാന വ്യവസായമായിരുന്ന കൈത്തറിയുടെ പഴയകാല പ്രതാപം തിരിച്ചു പിടിക്കാന്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞവര്‍ഷം ജനുവരി 12ന് അഴീക്കോട് കൈത്തറി ഗ്രാമം പദ്ധതിക്ക് മന്ത്രി കെ.പി. അനില്‍കുമാര്‍ തറക്കല്ലിട്ടത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറിയ പദ്ധതിക്ക് അഞ്ചുകോടി രൂപ അനുവദിച്ചതല്ലാതെ പ്രവര്‍ത്തനം തുടങ്ങാന്‍ ഒരുവര്‍ഷം പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. പ്രഖ്യാപിക്കുകയും തറക്കല്ലിടുകയും ചെയ്ത പദ്ധതി പ്രവര്‍ത്തനം തുടങ്ങാന്‍ പോലും കഴിയാതിരിക്കെയാണ് സര്‍ക്കാര്‍ പുതിയ വാഗ്ദാനം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയത്. ബൃഹത്തായ പദ്ധതിയാണ് അഴീക്കോട്ടെ കൈത്തറി ഗ്രാമം. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. അഴീക്കോട് കൈത്തറി ഗ്രാമത്തിലത്തെിയാല്‍ വിദേശികള്‍ക്ക് നേരിട്ട് കൈത്തറി തുണികള്‍ വാങ്ങാനും കൈത്തറി ഉണ്ടാക്കുന്നത് കണ്ട് മനസ്സിലാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. കൂടാതെ അഴീക്കോട് തെരുവിലെ വീടുകള്‍ കേന്ദ്രീകരിച്ച് മെച്ചപ്പെട്ട തുണികള്‍ നെയ്യാനുള്ള പരിശീലനവും പദ്ധതിയിലൂടെ സാധിക്കും. നിലവിലുള്ള നെയ്ത്ത് മേഖലയെ നവീകരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. കൈത്തറി ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ വീടുകളുടെയും മുന്‍ഭാഗം ഒരേതരത്തില്‍ നിര്‍മിക്കുകയും തെരുവുകള്‍ ഇന്‍റര്‍ലോക്ക് ചെയ്ത് മനോഹരമാക്കുകയും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. നെയ്ത്ത് യൂനിറ്റുകള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതിയും ഇതിന്‍െറ ഭാഗമായുണ്ട്. കൂടാതെ യന്ത്രങ്ങളുടെയും കൈത്തറി യൂനിറ്റുകളുടെയും പ്രദര്‍ശനത്തിനായുള്ള മ്യൂസിയം സ്ഥാപിക്കലും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജില്ലക്ക് ടൂറിസം മേഖലയില്‍ ലഭിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിതെന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്. അഴീക്കോട്ടെ കൈത്തറി ഗ്രാമം പദ്ധതി യാഥാര്‍ഥ്യമായാല്‍ അഴീക്കോട് പഞ്ചായത്ത് ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം പിടിക്കുമെന്നും കണക്ക് കൂട്ടിയിരുന്നു. 2013 ഫെബ്രുവരിയില്‍ നെയ്ത്ത് ഗ്രാമം രൂപവത്കരിക്കാനായി പ്രാരംഭ ഫണ്ടെന്ന നിലയില്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ ബജറ്റില്‍ 4.5 കോടി രൂപയും വകയിരുത്തി. പരമ്പരാഗത നെയ്ത്ത് തൊഴില്‍ മേഖല തകരുമ്പോള്‍ കൈത്തറിയെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ കൈത്തറി ഗ്രാമം പദ്ധതി പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് മേഖല കണ്ടത്. കൊട്ടും കുരവയും നടത്തി തറക്കല്ലിടല്‍ കൂടിയായതോടെ കൈത്തറി ഗ്രാമം യാഥാര്‍ഥ്യമാകുന്നത് തൊഴിലാളികള്‍ സ്വപ്നം കണ്ടു. എന്നാല്‍, ഇത് യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം സര്‍ക്കാറിന്‍െറയോ പദ്ധതി നടത്തിപ്പ് ഏറ്റെടുത്ത ടൂറിസം വകുപ്പിന്‍െറയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇവിടത്തെ നടപ്പാത നവീകരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും എങ്ങുമത്തെിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.