തലശ്ശേരിയിലെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

തലശ്ശേരി: നഗരത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്തു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് കൊടുവള്ളിയില്‍നിന്ന് ഫ്ളക്സ് നീക്കല്‍ യജ്ഞം ആരംഭിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ എസ്.ഐ എം. അനിലും സംഘവും ഫ്ളക്സ് ബോര്‍ഡുകള്‍ എടുത്തുമാറ്റുകയായിരുന്നു. ശനിയാഴ്ചയും എടുത്തുമാറ്റല്‍ പ്രവൃത്തി തുടരും. കാസര്‍കോടുനിന്ന് ആരംഭിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യാത്രകള്‍ തിരുവനന്തപുരത്ത് സമാപനത്തിലേക്കടുക്കുമ്പോഴും വഴിയരികില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ മാറ്റിയിരുന്നില്ല. നേതൃത്വത്തോട് വിവിധ സമയങ്ങളില്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് പൊലീസ് നേരിട്ട് ഇറങ്ങിയത്. ‘നല്ല കാര്യം’ എന്നുപറഞ്ഞ് പൊതുജനങ്ങള്‍ പിന്തുണയുമേകിയതോടെ വേഗത്തില്‍ പൊലീസിന് മുന്നേറാനായി. രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം വിവിധ അധ്യാപക,വിദ്യാര്‍ഥി, യുവജന, മത, സാമൂഹിക സംഘടനകളുടെ ഫ്ളക്സ് ബോര്‍ഡുകളും പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത പി. ജയരാജന് പിന്തുണയര്‍പ്പിച്ച് ടൗണ്‍ ലോക്കല്‍ കമ്മിറ്റി നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും നീക്കം ചെയ്തവയില്‍പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.