വനിതാ കമീഷന്‍ സിറ്റിങ്ങ്: 36 കേസുകള്‍ തീര്‍പ്പാക്കി

കണ്ണൂര്‍: വനിതാ കമീഷന്‍ ജില്ലാതല മെഗാ അദാലത്തില്‍ 36 കേസുകള്‍ തീര്‍പ്പാക്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 63 പരാതികളാണ് പരിഗണിച്ചത്. 11 കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും അഞ്ച് കേസുകള്‍ ഫുള്‍ ബെഞ്ചിന് വിടുകയും ചെയ്തു. ബാക്കി കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴു മക്കളുണ്ടായിട്ടും 83കാരിയായ മാതാവിനെ സംരക്ഷിക്കാന്‍ സാധിക്കില്ളെന്ന പരാതിയും കമീഷന്‍ മുമ്പാകെ ലഭിച്ചു. സ്വന്തം മാതാവിനെ സംരക്ഷിക്കാന്‍ കഴിയാത്തത്ര ധാര്‍മികവും സാംസ്കാരികവുമായ മൂല്യച്യുതി കേരളീയ സമൂഹത്തെ ബാധിച്ചിരിക്കുകയാണെന്ന് വനിതാ കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. സിറ്റിങ്ങിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇതുപോലെ മാതാപിതാക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത നിരവധി പരാതികളാണ് കമീഷന് ലഭിക്കുന്നത്. ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്‍െറ പേരില്‍ ജാമ്യക്കാര്‍ പൊലീസ് നടപടിക്ക് പോലും വിധേയരായ നിരവധി പരാതികള്‍ കമീഷന് ലഭിക്കുന്നുണ്ട്. സഹായം ചെയ്തവര്‍ പോലും പിന്നീട് ദുരിതത്തിലകപ്പെടുന്ന അവസ്ഥയാണ്. 60 ദിവസത്തിനകം തീര്‍പ്പ് കല്‍പിക്കേണ്ട കേസുകള്‍ പോലും എട്ടു വര്‍ഷം വരെ കോടതിയില്‍ കെട്ടിക്കിടക്കുന്നതില്‍ അസ്വസ്ഥരായ പലരും വനിതാ കമീഷന് മുന്നില്‍ എത്തുന്നുണ്ട്. എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ കമീഷന് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്. സിറ്റിങ്ങില്‍ കുടുംബപ്രശ്നങ്ങളും ഗാര്‍ഹിക പീഡനങ്ങളുമാണ് കൂടുതലായി വരുന്നത്. സ്ത്രീധന പ്രശ്നങ്ങള്‍ മറ്റു വര്‍ഷങ്ങളേക്കാള്‍ കുറഞ്ഞിരിക്കുകയാണ്. സ്ഥലം സംബന്ധമായ പ്രശ്നങ്ങളും വഴിത്തര്‍ക്ക പ്രശ്നങ്ങളും സിറ്റിങ്ങില്‍ പരാതികളായിട്ടുണ്ട്. അഡ്വ. ഷാജഹാന്‍, അഡ്വ. അനില്‍ റാണി, അഡ്വ. ഒ.കെ. പത്മപ്രിയ എന്നിവരും വനിതാ പൊലീസും സിറ്റിങ്ങിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.