നഴ്സുമാരുടെ ഒഴിവുകള്‍ നികത്താന്‍ നടപടിയില്ല

കണ്ണൂര്‍: നഴ്സുമാരുടെ കുറവ് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 31 നഴ്സുമാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ആരോഗ്യവകുപ്പിന്‍െറ ശ്രദ്ധയില്‍ ഇക്കാര്യം പലതവണ കൊണ്ടുവന്നിട്ടും നടപടിയുണ്ടായില്ളെന്ന് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശം. ജോലിഭാരം കാരണം നിലവിലുള്ള നഴ്സുമാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതും ഭാവിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കിയേക്കുമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഗ്രേഡ് വണ്‍ നഴ്സുമാരുടെ ഒമ്പത് ഒഴിവുകളും ഗ്രേഡ് രണ്ട് നഴ്സുമാരുടെ 22 ഒഴിവുകളുമാണുള്ളത്. ഇതിനുപുറമെ ഹെഡ് നഴ്സ് തസ്തികയിലും ആറൊഴിവുണ്ട്. ഗ്രേഡ് വണ്‍ നഴ്സ് തസ്തികകള്‍ സ്ഥാനക്കയറ്റത്തിലൂടെ നികത്തേണ്ടതായതിനാല്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി വഴി നിയമിക്കാനും സാധിക്കില്ല. മൂന്നു നിലയുള്ള പേ വാര്‍ഡില്‍ ഒരു നഴ്സിന്‍െറ സേവനം മാത്രമാണ് ഇപ്പോഴുള്ളത്. കാന്‍സര്‍ കെയര്‍ വാര്‍ഡ്, കൊറോണറി കെയര്‍ യൂനിറ്റ്, ഡീ അഡിക്ഷന്‍ സെന്‍റര്‍, അഞ്ചു പുതിയ ഡയാലിസിസ് യൂനിറ്റുകള്‍ എന്നിവ തുടങ്ങാനുള്ള കെട്ടിടവും ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, നഴ്സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും ഒഴിവുകള്‍ നികത്താത്തത് ഇവയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിനും തടസ്സമാവുന്നു. ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും കാണുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി. സുമേഷ് എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.