തലശ്ശേരി: അര്‍ബുദത്തിന്‍െറയും നല്‍കുന്ന മരുന്നുകളുടെയും അനുബന്ധ അസുഖങ്ങളുടെയും വേദന കുറക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ച് ദക്ഷിണേന്ത്യയിലെ ഏക വേദനരഹിത ആശുപത്രിയായി മാറിയ മലബാര്‍ കാന്‍സര്‍ സെന്‍ററിലെ (എം.സി.സി) വേദനരഹിത ആശുപത്രി ആശയം വിജയത്തിലേക്ക്. പ്രസ്തുത ആശയം മറ്റ് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ് അധികൃതര്‍. അര്‍ബുദ ചികിത്സ വേദനരഹിതമാണെന്ന് ബോധ്യപ്പെടുത്തി ചികിത്സ തേടാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രിയില്‍ പദ്ധതി ആരംഭിച്ചത്. 2010-11 വര്‍ഷത്തില്‍ ആസൂത്രണം ചെയ്ത പദ്ധതി 2013 ജനുവരി മുതലാണ് എം.സി.സിയില്‍ പ്രാബല്യത്തില്‍ വന്നത്. അമേരിക്കയിലെ യൂനിയന്‍ ഫോര്‍ ഇന്‍റര്‍നാഷനല്‍ കാന്‍സര്‍ കണ്‍ട്രോളിന്‍െറ (യു.ഐ.സി.സി) ഗാപ്രി (ഗ്ളോബല്‍ ആക്സസ് ടു പെയിന്‍ റിലീഫ് ഇനീഷ്യേറ്റിവ്), സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ പാലിയം ഇന്ത്യ എന്നിവരുമായി സഹകരിച്ച് വേദനയുടെ നിരക്ക് രേഖപ്പെടുത്തിയാണ് വേദനരഹിത ആശുപത്രി ആശയമുള്‍ക്കൊള്ളിച്ച് പദ്ധതി ആരംഭിച്ചത്. അര്‍ബുദ ചികിത്സ വേദന നിറഞ്ഞതാണെന്ന ധാരണ തിരുത്താന്‍ പദ്ധതിക്കായെന്ന് എം.സി.സി ഡയറക്ടര്‍ ഡോ. സതീശന്‍ ബാലസുബ്രഹ്മണ്യം ‘മാധ്യമ’ത്തോട് പറഞ്ഞു. വേദനയുടെ നിരക്ക് ‘പെയിന്‍ സ്കോര്‍’ എന്ന പേരില്‍ രേഖപ്പെടുത്തി ആവശ്യമായ മരുന്ന് നല്‍കുകയാണ് ചെയ്തുവരുന്നത്. നാല് വൈറ്റല്‍ സൈനുകളോടൊപ്പം പെയിന്‍ സ്കോര്‍ കൂടി രേഖപ്പെടുത്താന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘത്തിന് പരിശീലനം നല്‍കി. എല്ലാ വാര്‍ഡുകളിലും രോഗിയുടെ കേസ് ഡയറിക്കൊപ്പം മൂന്നുനേരം പെയിന്‍ സ്കോര്‍ രേഖപ്പെടുത്തുന്ന ചാര്‍ട്ടും സൂക്ഷിച്ചു. ഇത് വിലയിരുത്തി മരുന്നുകള്‍ നല്‍കിവന്നതോടെ വേദന കുറഞ്ഞുവരുകയായിരുന്നു. 2013 ജനുവരിയില്‍ പദ്ധതി ആരംഭിക്കുന്ന സമയത്ത് 10ല്‍ 3.5 ആയിരുന്നു ശരാശരി പെയിന്‍ സ്കോര്‍ എങ്കില്‍ 2015 ഡിസംബറോടെ ഇത് ഒന്ന് എന്ന സംഖ്യയിലേക്കത്തെിക്കാനായി. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നുണ്ടെങ്കിലും ഒന്നര വര്‍ഷമായി ഈ ശരാശരി തുടരുകയാണെന്നും ഡോ. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഓരോ രോഗിയുടെയും വൈറ്റല്‍ സൈനുകളായ പള്‍സ്, രക്തസമ്മര്‍ദം, ശ്വാസോച്ഛാസ നിരക്ക്, താപനില എന്നിവയോടൊപ്പം പെയിന്‍ സ്കോറും നിര്‍ബന്ധമായും പരിശോധിക്കാന്‍ ആരംഭിച്ചതോടെ രോഗികളും അനുകൂലമായി പ്രതികരിച്ചുതുടങ്ങി. വേദന ഇല്ലാതാക്കാന്‍ പ്രാമുഖ്യം നല്‍കുന്ന ചികിത്സാരീതിയെക്കുറിച്ചും നല്‍കുന്ന മരുന്നുകളെക്കുറിച്ചും ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് പതിവായി ബോധവത്കരണവും നടത്തിവന്നതോടെ പദ്ധതി വിജയത്തിലത്തെുകയായിരുന്നു. പദ്ധതിയുടെ തുടക്കത്തില്‍ ഒരു വര്‍ഷം ഒരു കിലോഗ്രാം മോര്‍ഫിന്‍ ഉപയോഗിച്ചിരുന്നത് ഇപ്പോള്‍ 3.5 കിലോഗ്രാമിലത്തെിയതായി കാന്‍സര്‍ പാലിയേറ്റിവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. എം.എസ്. ബിജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.