മാഹി: മുഴപ്പിലങ്ങാട്- മാഹി ബൈപാസ് പദ്ധതിയില്‍ മാഹിയില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കി ആര്‍ബിട്രേറ്റര്‍ മദ്രാസ് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നാലുപതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് പള്ളൂര്‍ മേഖലയിലെ 220 ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസമായി നഷടപരിഹാര തുക ലഭിക്കാനുള്ള വഴി തുറക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസാമിയും അഡ്വ.ടി. അശോക് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുമായി ബന്ധപ്പെട്ട് ഉടന്‍ നഷ്ടപരിഹാര തുക ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി മാഹി സിവില്‍ സ്റ്റേഷനില്‍ ഭൂവുടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നഷ്ടപരിഹാര തുക നല്‍കുന്നതിന് 73 കോടി രൂപയാണ് തീരുമാനിച്ചിരുന്നതെങ്കിലും ആര്‍ബിട്രേറ്റര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 138.40 കോടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ലാന്‍ഡ് അക്വിസിഷന്‍ ആക്ട് അനുസരിച്ചാണ് ബൈപാസിന് സ്ഥലമേറ്റെടുത്തിരുന്നതെങ്കില്‍ ഒരു സെന്‍റ് ഭൂമിക്ക് 1,30,000 രൂപമാത്രമായിരുന്നു ലഭിക്കുക. എന്നാല്‍, ഇപ്പോഴത്തെ റിപ്പോര്‍ട്ടനുസരിച്ച് ഒമ്പത് ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. മാഹിയില്‍ ഭൂമി നഷ്ടമാവുന്നവര്‍ കഴിഞ്ഞ 38 വര്‍ഷമായി അനുഭവിക്കുന്ന ദുരിതം പരിഹരിക്കുന്നതിനായി ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി രൂപവത്കരിക്കുന്നതിനായി അഡ്വ.ടി. അശോക് കുമാര്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചു. ഡി.എല്‍.പി.സി രൂപവത്കരികരിച്ച് 2013 നവമ്പര്‍ 30നകം ഭൂമിവില നിശ്ചയിച്ച് ഭൂവുടമകള്‍ക്ക് നല്‍കണമെന്ന ഹൈകോടതി നിര്‍ദേശിച്ചെങ്കിലും ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി ദേശീയപാതാ വിഭാഗം ഡി.എല്‍.പി.സി രൂപവത്കരിക്കുന്നതിനെതിരെ അപ്പീല്‍ പോവുകയായിരുന്നു. എന്നാല്‍, 2014 ഫെബ്രുവരിയില്‍ ഈ അപ്പീല്‍ തള്ളുകയും ആറാഴ്ചക്കകം വില നിശ്ചയിച്ച് ഭൂവുടമകള്‍ക്ക് നല്‍കണമെന്നും ഹൈകോടതി വിധിച്ചു. അനുവദിച്ച സമയം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ കോടതിയലക്ഷ്യ നടപടി തുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയപാതാ വിഭാഗം ആര്‍ബിട്രേറ്ററെ നിയമിച്ചത്. പള്ളൂരിലെ മണല്‍കുന്നുമ്മല്‍ ശാന്ത നല്‍കിയ സ്വകാര്യ അന്യായത്തിന്മേല്‍ ജസ്റ്റിസ് കെ.കെ. ശശിധരന്‍ പുറപ്പെടുവിച്ച വിധിയാണ് ഭൂവുടമകളുടെ ദുരിതത്തിനറുതി വരുത്താന്‍ വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.