പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ പ്രാരംഭ നടപടി തുടങ്ങി

പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പ്രാരംഭ നടപടി തുടങ്ങിയതായി സൂചന. 2016-17 വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തി ഏറ്റെടുക്കുമെന്നാണ് വിവരം. മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യം യു.ഡി.എഫ് ഉന്നതാധികാര സമിതിയും മന്ത്രിസഭയും നേരത്തേതന്നെ തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, കോടിക്കണക്കിന് രൂപയുടെ ബാധ്യതയും ദൈനംദിന ചെലവും വേണ്ടിവരുന്ന തീരുമാനം നടപ്പാക്കുന്നതിന് നിയമപരമായി തടസ്സമുണ്ട്. ഇത് പരിഹരിക്കാനാണ് ബജറ്റ് നിര്‍ദേശം സജീവമായി പരിഗണിക്കുന്നത്. 2014 ഫെബ്രുവരി 20ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഈ ഫെബ്രുവരി 25ന് തീരുമാനത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയാകും. യു.ഡി.എഫിലെ ചില നേതാക്കള്‍ ഉള്‍പ്പെടെ തീരുമാനം നടപ്പാക്കാത്തതിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബജറ്റ് നിര്‍ദേശം വെച്ച് തടസ്സങ്ങള്‍ നീക്കാന്‍ ശ്രമം തുടങ്ങിയത്. നേരത്തേ ധനവകുപ്പ് കടുത്ത തീരുമാനമെടുത്തതാണ് പ്രതിബന്ധമായത്. ബജറ്റ് വിഹിതമില്ലാതെ കോടിയുടെ ബാധ്യത ഏറ്റെടുക്കാനാവില്ളെന്ന് ധനവകുപ്പ് വ്യക്തമാക്കുകയായിരുന്നു. 2015-16 വര്‍ഷത്തെ ബജറ്റില്‍ തുക വകയിരുത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടന്നില്ല. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നിരവധി വേദികളില്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ഒടുവില്‍ നടന്ന ആസ്തിബാധ്യത കണക്കെടുപ്പിനുശേഷവും നടപടിയുണ്ടായില്ല. സഹകരണ, ധനകാര്യ, ആരോഗ്യ വകുപ്പുകള്‍ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറിയിരുന്നു. ഇതില്‍ ജീവനക്കാരുടെ ബഹുല്യം ചൂണ്ടിക്കാട്ടിയതായാണ് വിവരം. 1800ലധികം ജീവനക്കാരാണുള്ളത്. ഇത്രയും പേരെ ഉള്‍ക്കൊള്ളാനാവില്ളെന്നാണ് സര്‍ക്കാര്‍ വാദം. സഹകരണ നിയമപ്രകാരം നിയമനം നല്‍കിയവരെ മാത്രമേ നിലനിര്‍ത്തുകയുള്ളൂ എന്ന് മന്ത്രിമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ജീവനക്കാരെ ഒഴിവാക്കിയുള്ള ഏറ്റെടുക്കല്‍ സി.പി.എമ്മും സര്‍ക്കാറും തമ്മില്‍ സംഘര്‍ഷത്തിന് വഴിവെക്കും. സര്‍ക്കാര്‍ കണക്ക് പ്രകാരം 498 കോടി രൂപയാണ് മെഡിക്കല്‍ കോളജ് ഹഡ്കോക്ക് നല്‍കാനുള്ളത്. ഹഡ്കോയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇത് 100 കോടിയായി കുറഞ്ഞ് മൂന്നുമാസത്തിനുള്ളില്‍ അടച്ചുതീര്‍ക്കാന്‍ ധാരണയായതായി അറിയുന്നു. ഏറ്റെടുക്കലിന്‍െറ മുന്നോടിയായാണിതെന്നാണ് സൂചന. ഇതിനുപുറമെ, സര്‍ക്കാറിന് 178 കോടിയിലധികം അടച്ചുതീര്‍ക്കാനുണ്ട്. മൂന്നോളം സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത കടവും ബാക്കിയുണ്ട്. സര്‍ക്കാര്‍ വരുതിയിലാവുന്നതോടെ ചികിത്സാ ഫീസും വിദ്യാര്‍ഥികളുടെ ഫീസും വാങ്ങാനാവില്ല. അതുകൊണ്ട് ദൈനംദിന ബാധ്യത കൂടാന്‍ സാധ്യതയുണ്ട്. ശമ്പളം, ആശുപത്രി ചെലവ്, മരുന്ന് തുടങ്ങിയ ഇനത്തില്‍ വന്‍ ബാധ്യത സര്‍ക്കാറിന്‍െറ ചുമലില്‍ വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.