കണ്ണൂര്‍: മേയറെ അപമാനിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ചുള്ള പ്രമേയം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന പാസാക്കി. പള്ളിയാംമൂല ഡിവിഷനില്‍ വാര്‍ഡ്സഭ രൂപവത്കരിക്കുന്നതിനിടെ കൈയേറ്റ ശ്രമമുണ്ടായതിനെ തുടര്‍ന്നാണ് ഇന്നലെ അടിയന്തര കൗണ്‍സില്‍ ചേര്‍ന്നത്. യോഗത്തിലെ ഏക അജണ്ടയും ഇതായിരുന്നു. അജണ്ട മേയര്‍ വായിച്ചപ്പോള്‍ തന്നെ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ പ്രമേയം ഏകകണ്ഠമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞു. പ്രമേയം വോട്ടിനിട്ടാല്‍ പി.കെ. രാഗേഷ് മേയര്‍ക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നതിനെ തുടര്‍ന്നായിരുന്നു യു.ഡി.എഫ് പ്രമേയം അംഗീകരിക്കാന്‍ തീരുമാനിച്ചത്. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍.ഡി.ഫിന്‍െറ വിജയമായി ഇതു മാറി. കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുമ്പു തന്നെ പ്രശ്നപരിഹാരത്തിന് യു.ഡി.എഫ് ഇടപെട്ട് ചര്‍ച്ച നടത്തിയിരുന്നു. മേയറുടെ ചേംബറിലായിരുന്നു ചര്‍ച്ച. മേയറെ അപമാനിച്ച സംഭവത്തില്‍ സ്ഥിരം സമിതി അധ്യക്ഷ ജമിനിയുടെ രാജി ഉള്‍പ്പെടെ ആവശ്യപ്പെടുമെന്ന ഘട്ടത്തിലായിരുന്നു ഇത്. സംഭവത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ളെന്ന നിലപാടില്‍ രാഗേഷും ഉറച്ചു നിന്നതോടെ യു.ഡി.എഫിന് മറ്റു വഴികളില്ലാതായി. പ്രമേയം അവതരിപ്പിച്ചതിനു ശേഷം ആദ്യം സംസാരിച്ചത് പി.കെ. രാഗേഷാണ്. പള്ളിയാംമൂലയില്‍ ദയനീയമായ അവസ്ഥയാണുണ്ടായതെന്നും പതിനഞ്ചു വര്‍ഷമായി ജനപ്രതിനിധിയായിരുന്ന താന്‍ ഒരു കൗണ്‍സിലറെന്ന നിലയിലാണ് യോഗത്തിനത്തെിയത്. അതിനുള്ള അവകാശം തനിക്കുണ്ട്. മദ്യപിച്ചു ലക്കുകെട്ട നിരവധി പ്രവര്‍ത്തകര്‍ കേട്ടാല്‍ അറക്കുന്ന തെറി പറയുകയായിരുന്നു, താന്‍ ഇതു കാര്യമാക്കിയില്ല. എന്നാല്‍, തലകുനിയും വിധമാണ് മേയര്‍ക്കെതിരെ അസഭ്യവര്‍ഷമുയര്‍ന്നത്. ഏതു പാര്‍ട്ടിയിലായാലും ഇത്തരത്തില്‍ സംഭവങ്ങള്‍ ആര്‍ക്കെതിരെയും ഉണ്ടാകരുതെന്നും രാഗേഷ് പറഞ്ഞു. പ്രമേയം അംഗീകരിക്കുന്നുവെന്നു പറഞ്ഞുവെങ്കിലും പള്ളിയാംമൂല കൗണ്‍സിലറും സ്ഥിരം സമിതി അധ്യക്ഷയുമായ ജമിനി മേയറെ അപമാനിക്കുന്നതിനുള്ള ഒരു ശ്രമവും പള്ളിയാംമൂലയില്‍ ഉണ്ടായില്ളെന്ന് പറഞ്ഞു. വാര്‍ഡ് സഭ രൂപവത്കരണമല്ല, വാര്‍ഡ് കമ്മിറ്റിയാണ് നടന്നത്. എന്നാല്‍, മേയറെ അപമാനിക്കുന്ന തരത്തില്‍ ഒന്നുമുണ്ടായില്ളെന്നും ഇവര്‍ പറഞ്ഞു. കൗണ്‍സിലര്‍ വസ്തുതാ വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും സംഘര്‍ഷമുണ്ടായെന്നും യോഗത്തില്‍ തുടരാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പുറത്തേക്കു വന്നതെന്നും മേയര്‍ പറഞ്ഞു. കൂടുതല്‍ വിവാദങ്ങളിലേക്ക് ചര്‍ച്ച നീങ്ങേണ്ടെന്ന സാഹചര്യത്തില്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. മേയര്‍ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.