പുതിയതെരുവില്‍ ഡിവൈഡറില്‍തട്ടി വീണ്ടും വാഹനാപകടം

പുതിയതെരു: പുതിയതെരു ടൗണില്‍ ഡിവൈഡറിലിടിച്ച് ജീപ്പ് അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ രാത്രി ഒമ്പത് മണിയോടെ സ്റ്റൈലോ കോര്‍ണറിന് സമീപം നിത്യാനന്ദ സ്കൂളിന് മുന്‍വശത്താണ് കണ്ണൂര്‍ ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര സ്കോര്‍പിയോ ജീപ്പ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഡിവൈഡര്‍ മറികടന്ന് എതിര്‍ ദിശയിലത്തെിയ ജീപ്പ് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിച്ചാണ് നിന്നത്. ആര്‍ക്കും പരിക്കില്ല. ജീപ്പിന്‍െറ മുന്‍ചക്രങ്ങളും അടിഭാഗവും ഭാഗികമായി തകര്‍ന്നു. ഡിവൈഡര്‍ നിര്‍മാണത്തിന് ശേഷ വാഹനങ്ങള്‍ ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെടുന്നത് പുതിയതെരുവിലും പള്ളിക്കുന്നിലും പതിവായിട്ടുണ്ട്. അപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുമ്പോഴും ഡിവൈഡറില്‍ ആവശ്യമായ റിഫ്ളക്ടറോടുകൂടിയ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. സ്ഥാപിച്ച ബോര്‍ഡുകള്‍ മിക്കതും തകരാറിലായിട്ടും മാറ്റി സ്ഥാപിക്കുന്നില്ല. റോഡ് സുരക്ഷാ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ചാണ് പുതിയതെരു മുതല്‍ മാഹി പാലം വരെയുള്ള റോഡുകള്‍ നവീകരിച്ച് ഡിവൈഡര്‍ നിര്‍മിക്കുന്നത്. എന്നാല്‍, ആവശ്യമായ വീതിയില്ലാത്ത സ്ഥലങ്ങളിലും ഡിവൈഡര്‍ സ്ഥാപിച്ചതുകാരണം ഗതാഗതക്കുരുക്ക് വര്‍ധിച്ചിരിക്കുകയാണ്. പുതിയതെരു ടൗണില്‍ ഡിവൈഡര്‍ നിര്‍മിച്ചതിനുശേഷം ഗതാഗതക്കുരുക്ക് അനിയന്ത്രിതമായ രീതിയില്‍ വര്‍ധിച്ചു. പുതിയതെരു ടൗണിലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ പോലും പെടുന്നത് പതിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.