കശുവണ്ടി നേരിട്ട് ശേഖരിക്കാന്‍ പദ്ധതിയുമായി ജില്ല പഞ്ചായത്ത്

കണ്ണൂര്‍: ജില്ലയിലെ കശുവണ്ടി ശേഖരിക്കാന്‍ ജില്ല പഞ്ചായത്ത് വഴി കാപ്പക്സും കശുവണ്ടി വികസന കോര്‍പറേഷനും പദ്ധതി തയാറാക്കുന്നു. കര്‍ഷകരില്‍നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും നേരിട്ട് കശുവണ്ടി ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഫിഷറീസ്-കശുവണ്ടി വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം ജില്ല പഞ്ചായത്ത് ഭാരവാഹികളുമായി കാപ്പക്സിന്‍െറയും കശുവണ്ടി വികസന കോര്‍പറേഷന്‍െറയും അധികൃതര്‍ തിങ്കളാഴ്ച പ്രാഥമിക ചര്‍ച്ച നടത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും നേരിട്ട് കശുവണ്ടി ശേഖരിക്കാന്‍ പദ്ധതി ആലോചിക്കുമെന്ന് മന്ത്രി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആറളം ഫാം, ആറളം ആദിവാസി പുനരധിവാസ മേഖല എന്നിവിടങ്ങളില്‍ നിന്നും നേരിട്ട് കശുവണ്ടി ശേഖരിക്കാന്‍ ക്രമീകരണം ഉണ്ടാക്കും. ജില്ലയിലെ മറ്റ് കര്‍ഷകരില്‍ നിന്നും സഹകരണ മേഖലയെയും കുടുംബശ്രീയെയും ഉപയോഗിച്ച് കശുവണ്ടി ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യങ്ങള്‍ക്ക് ജില്ല പഞ്ചായത്തിനെ കാപ്പക്സും കശുവണ്ടി വികസന കോര്‍പറേഷനും ചുമതലപ്പെടുത്തി. ആറളം ഫാമില്‍നിന്ന് നേരിട്ടും പുനരധിവാസ മേഖലയിലെ താമസക്കാരില്‍നിന്ന് കുടുംബശ്രീ വഴിയുമായിരിക്കും കശുവണ്ടി ശേഖരിക്കുക. പൊതുവിപണിയിലേതിലും കൂടിയ വില നല്‍കും. വില നിശ്ചയിക്കുന്നതിനായി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായി പ്രത്യേക സമിതി രൂപവത്കരിക്കാനാണ് ശിപാര്‍ശ.കശുമാങ്ങ ശേഖരിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും ആലോചനയുണ്ട്. മൂന്നുമാസം വരെ കശുമാങ്ങ കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം കശുവണ്ടി വികസന കോര്‍പറേഷനും കാപ്പക്സിനുമുണ്ട്. ആറളം ഫാമില്‍നിന്ന് മാത്രം പ്രതിവര്‍ഷം ശരാശരി 230-260 ടണ്‍ കശുവണ്ടി ലഭിക്കുമെന്നാണ് കണക്ക്. കശുവണ്ടി സര്‍ക്കാര്‍ സംവിധാനം വഴി ശേഖരിച്ചാല്‍ കര്‍ഷകര്‍ക്ക് മികച്ച വില ഉറപ്പാക്കാനാകുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അഭിപ്രായപ്പെട്ടു. പുനരധിവാസ മേഖലയിലെ സാധ്യമായ സ്ഥലങ്ങളിലും ജില്ലയിലെ മറ്റിടങ്ങളിലെ തരിശായ ഭൂമിയിലും കശുവണ്ടി വെച്ചുപിടിപ്പാക്കാനും ആലോചനയുണ്ട്. യോഗത്തില്‍ കാപ്പക്സ് ചെയര്‍മാന്‍ എസ്. സുദേവന്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ടി.എഫ്. സേവ്യര്‍, കാപ്പക്സ് ഡയറക്ടര്‍ പി.ആര്‍. വസന്തന്‍, ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്മാരായ വി.കെ. സുരേഷ് ബാബു, കെ.പി. ജയബാലന്‍, കെ. ശോഭ, ടി.ടി. റംല, പ്ളാന്‍ കോഓഡിനേറ്റര്‍ കെ.വി. ഗോവിന്ദന്‍, ആറളം ഫാം മാനേജിങ് ഡയറക്ടര്‍ ടി.കെ. വിശ്വനാഥന്‍, ഫാം സൂപ്രണ്ട് എം. വിജയന്‍, ആദിവാസി പുനരധിവാസ മേഖല സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്, കൃഷി വകുപ്പ്, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.