കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിശ്ചലമായി

ഇരിട്ടി: കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന സുപ്രീംകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ജില്ലയിലെ കരിങ്കല്‍ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിശ്ചലമായി. ജില്ലയിലെ ചെറുതും വലുതുമായ 150ഓളം ക്വാറി-ക്രഷറുകളുടെ പ്രവര്‍ത്തനം നിശ്ചലമായതോടെ നിര്‍മാണമേഖലയും നിശ്ചലമാകും. ഖനനമേഖലയില്‍ ജോലിചെയ്യുന്ന പതിനായിരത്തോളം വരുന്ന തൊഴിലാളികളും ഉത്തരവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായി. ജില്ലയില്‍ അയ്യംങ്കുന്ന്, വാണിയപ്പാറ, ഉളിക്കല്‍, മാട്ടറ, ആലക്കോട്, ശ്രീകണ്ഠപുരം, ഇരിക്കൂര്‍, മാടായി, നടുവില്‍, പട്ടാനൂര്‍, പയ്യന്നൂര്‍, പെരിങ്ങളം, കൂത്തുപറമ്പ്, വലിയവെളിച്ചം, ചിറ്റാരിപ്പറമ്പ്, മാലൂര്‍, ആലാച്ചി, നിടുംപൊയില്‍, പഴയങ്ങാടി, ചെറുവത്തൂര്‍, പാവന്നൂര്‍, പാനൂര്‍, മൊകേരി, നിടുവളം, മയ്യില്‍, കല്യാട്, കുറ്റ്യാട്ടൂര്‍, കീഴൂര്‍കുന്ന്, കോളിത്തട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് ക്വാറികളും ക്രഷറുകളുമുള്ളത്. വിവിധ വിഭാഗങ്ങളിലായി സ്ത്രീകള്‍ ഉള്‍പ്പെടെ പതിനായിരത്തോളം തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. ബംഗാള്‍, ഒഡിഷ, കര്‍ണാടക തുടങ്ങി ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജോലിക്ക് കൂലി ലഭിക്കാത്ത സാഹചര്യത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങി പൊതുമരാമത്ത് വകുപ്പിന്‍െറ കരാര്‍ വ്യവസ്ഥയനുസരിച്ച് മാര്‍ച്ച് 31നകം പണി പൂര്‍ത്തിയാക്കേണ്ടുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും നിശ്ചലമായേക്കും. ബാങ്കുകളില്‍നിന്നും മറ്റും ലോണെടുത്ത് പണി ആരംഭിച്ച വീടുകളുടെ നിര്‍മാണവും പാതിവഴിയാകുന്ന അവസ്ഥയാണ്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറും കോടതിയും തയാറാകണമെന്ന് ചെങ്കല്‍ തൊഴിലാളി യൂനിയന്‍ ജില്ല ജോയന്‍റ് സെക്രട്ടറി എം.സി.ഡി. പട്ടാനൂര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് 27ന് ജില്ലയില്‍ പന്തംകൊളുത്തി പ്രകടനം നടത്താന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.