മലയാളം ഭരണഭാഷ: ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അപേക്ഷകള്‍ ഇംഗ്ളീഷില്‍ നല്‍കാം –വി.സി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ഭരണഭാഷ മലയാളമാക്കുമ്പോള്‍ കാസര്‍കോടുള്ള ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തുടര്‍ന്നും അപേക്ഷകള്‍ ഇംഗ്ളീഷില്‍ നല്‍കാവുന്നതാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍ പറഞ്ഞു. സര്‍വകലാശാല ആസ്ഥാനത്ത്, ഭരണഭാഷ മലയാളമാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണഭാഷയിലെ മലയാള പദാവലിയെയും മലയാളം കമ്പ്യൂട്ടിങ്ങിനെയുംകുറിച്ച് നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാഷാ വിദഗ്ധനായ നോം ചോംസ്കി പറഞ്ഞത് ഓരോ കുട്ടിയും ജനിച്ചുവീഴുന്നത് ഒരു ഭാഷ പഠിക്കാനുള്ള കഴിവുമായാണെന്നാണ്. അത് മാതാവിന്‍െറ ഭാഷയായ മാതൃഭാഷയാണ്. എന്നാല്‍, മലയാളികളുടെ തൊഴില്‍പരവും സാംസ്കാരികവുമായ സാഹചര്യങ്ങള്‍ ഇംഗ്ളീഷിന് പ്രാധാന്യം നല്‍കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയിലെ അക്ഷരമാലപോലും അറിയാതെ ഉന്നതബിരുദങ്ങള്‍ സമ്പാദിക്കാന്‍ കഴിയുന്ന സംവിധാനം കേരളത്തില്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് പറഞ്ഞു. മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് മാഹി ഗവ. കോളജിലെ മലയാള വിഭാഗം തലവന്‍ ഡോ. മഹേഷ് മംഗലാട്ടും ഒൗദ്യോഗിക ഭാഷയിലെ മലയാളം പദാവലിയെക്കുറിച്ച് ഒൗദ്യോഗിക ഭാഷാവകുപ്പിലെ ആര്‍. ശിവകുമാറും ക്ളാസെടുത്തു. വിജയന്‍ അടുക്കാടന്‍ സ്വാഗതവും കെ.പി. പ്രേമന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.