ബി.ജെ.പി ഓഫിസിനും വീടുകള്‍ക്കുനേരെയും ബോംബേറ് മാഹിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം

മാഹി: മാഹിയില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം. വെള്ളിയാഴ്ച രാത്രി 10ന് സി.പി.എം പ്രാദേശികനേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനുനേരെയാണ് ആക്രമണമുണ്ടായത്. ഇതത്തേുടര്‍ന്ന് ബി.ജെ.പി ഓഫിസിനും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയും ബോംബേറുണ്ടായി. സി.പി.എം ഓഫിസിന് നേരെയും ആക്രമണമുണ്ടായി. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ കോറോത്ത് ക്ഷേത്രത്തിന് സമീപത്തുള്ള ഇടവഴിയില്‍വെച്ച് ഒരുസംഘം ആയുധങ്ങളുമായി തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംഭവത്തില്‍ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മസ്താന്‍ രജീഷ്, മഗിനേഷ്, ഒ.പി. രജീഷ് തുടങ്ങി എട്ടുപേര്‍ക്കെതിരെ പള്ളൂര്‍ പൊലീസ് കേസെടുത്തു. ഇതിന്‍െറ തുടര്‍ച്ചയെന്നോണം രാത്രി 12ഓടെ ഇരട്ടപ്പിലാക്കൂലിലെ ബി.ജെ.പി ഓഫിസ്-സ്മൃതിമണ്ഡപത്തിന് നേരെയും ആര്‍.എസ്.എസ് ഇരട്ടപ്പിലാക്കൂല്‍ ശാഖാ മുഖ്യശിക്ഷക് പള്ളൂര്‍ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷന് സമീപത്തെ മഗിനേഷിന്‍െറ വീടിനുനേരേയും ബോംബേറുണ്ടായി. രാത്രി 2.30ന് പഴര്‍ വയലില്‍ സബ് സ്റ്റേഷന് സമീപത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആശാരിപ്പറമ്പത്ത് അമല്‍ രാജിന്‍െറ വീടിനുനേര്‍ക്കും ബോംബേറുണ്ടായതായി പരാതിയുണ്ട്. സംഭവങ്ങള്‍ക്കുപിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് സത്യന്‍ കുനിയില്‍ ആരോപിച്ചു. സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ വിജേഷ്, റിബിന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. പതാകകള്‍ നശിപ്പിച്ചെന്നാരോപിച്ച് പള്ളൂര്‍ ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെയും രണ്ടു പ്രവര്‍ത്തകരെ ആക്രമിച്ചതിലും പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനപ്രകാരം ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ വൈകീട്ട് ആറുവരെ മാഹിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് സത്യന്‍ കുനിയില്‍, കെ. ദയാനന്ദന്‍, പി.കെ. സജിത് എന്നിവര്‍ നേതൃത്വം നല്‍കി. കണ്ണിപ്പൊയില്‍ ബാബുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിന് സി.പി.എം നേതാക്കളായ വടക്കന്‍ ജനാര്‍ദനന്‍, ടി.സി. പ്രദീപന്‍, ടി. സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധയോഗത്തില്‍ ടി.സി. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. എം.സി. പവിത്രന്‍, സുധീഷ് മിന്നി, സി.പി. കുഞ്ഞിരാമന്‍, വടക്കന്‍ ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. മേഖലയില്‍ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും മനപ്പൂര്‍വം നുണക്കഥ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി വടക്കന്‍ ജനാര്‍ദനന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.