സ്കൂള്‍ കലോത്സവം താമസ സൗകര്യമൊരുക്കുന്നത് 14 കിലോമീറ്റര്‍ ദൂരത്ത് വരെ

കണ്ണൂര്‍: 57ാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ കണ്ണൂരിന്‍െറ പരിമിതികള്‍ വീര്‍പ്പുമുട്ടിക്കുമോ എന്ന് ആശങ്ക. പന്ത്രണ്ടായിരത്തോളം മത്സരാര്‍ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുമായി കാല്‍ലക്ഷത്തോളം പേര്‍ക്കുള്ള താമസസൗകര്യം അക്കമഡേഷന്‍ കമ്മിറ്റിക്ക് കീറാമുട്ടിയായി. 14 കിലോമീറ്റര്‍ അകലത്തുള്ള കല്യാശ്ശേരി മുതല്‍ പെരളശ്ശേരി വരെയുള്ള സ്കൂളുകളിലാണ് താമസമൊരുക്കേണ്ട കാര്യം ആലോചിക്കുന്നത്. കണ്ണൂര്‍ നഗരത്തിലും സമീപത്തും ആവശ്യത്തിന് താമസസൗകര്യമില്ലാത്തതാണ് ഇതിന് കാരണം. കണ്ണൂരിലെ മിക്ക ലോഡ്ജുകളും ഇതിനകം വിവിധ ആവശ്യങ്ങള്‍ക്കായി ബുക്ക് ചെയ്യപ്പെട്ടു. കലോത്സവത്തിനായി നഗരത്തിലും സമീപത്തും ബുക്ക് ചെയ്ത മുറികള്‍ വിധികര്‍ത്താക്കള്‍ക്കും ഒഫീഷ്യലുകള്‍ക്കും തികയില്ല. വേദികള്‍ മിക്കതും നഗരത്തില്‍ ഒരുക്കുന്നതിനാല്‍ സമീപത്തുള്ള സ്കൂളുകള്‍ അധ്യാപകര്‍ക്കും മറ്റും താമസത്തിനായി ഒരുക്കണം. കണ്ണൂര്‍ സെന്‍റ്മൈക്കിള്‍സ് സ്കൂള്‍ നാടകത്തിന്‍െറ വേദിയാക്കിയത് കഴിഞ്ഞതവണ നാടകവേദി അശാസ്ത്രീയമായിരുന്നുവെന്ന പരാതി കൂടി പരിഗണിച്ചാണ്. നഗരത്തിലെ മറ്റുപല സ്കൂളുകളും താമസത്തിനായി ഉപയോഗിക്കും. എന്നാല്‍, നഗരത്തിനുള്ളിലും പുറത്തും മത്സരാര്‍ഥികളെ സമയത്തിന് എത്തിക്കുന്നതിന് ഗതാഗതപ്രശ്നം കീറാമുട്ടിയാണ്. ചെറിയൊരു പരിപാടിയോ ജാഥയോ നടന്നാല്‍ വീര്‍പ്പുമുട്ടുന്ന നിലയിലാണ് കണ്ണൂര്‍ നഗരത്തിലെ റോഡ് ക്രമീകരണം. മണിക്കൂറുകള്‍ റോഡില്‍ കുരുക്കപ്പെടുന്നതാണ് പതിവുഗതി. കലോത്സവത്തിന്‍െറ പ്രധാന വേദികളെല്ലാം നഗരമധ്യത്തിലായതിനാല്‍ പ്രധാന റോഡുകളെല്ലാം സ്തംഭിക്കും. നഗരത്തിലത്തെുന്നവര്‍ക്ക് ആവശ്യമായ ശൗചാലയം ഇല്ലാത്തതും വലിയ പ്രശ്നമാണ്. കണ്ണൂര്‍ കോര്‍പറേഷനായിട്ടും അതിന്‍െറ നിലവാരമുള്ള ഭൗതിക സൗകര്യങ്ങള്‍ ഇനിയും ഒരുക്കാത്തതാണ് പ്രശ്നം. ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി ഓരോ വേദികളിലേക്കും താമസസ്ഥലത്തേക്കുമുള്ള റോഡ് ഗതാഗതത്തിന്‍െറ മാപ്പ് തയാറാക്കുന്നുണ്ട്. ഗതാഗത വീര്‍പ്പുമുട്ടലുണ്ടായാല്‍ ഈ ക്രമീകരണമൊക്കെ താളംതെറ്റും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.