പയ്യന്നൂര്‍: ദേശീയപാത നാലുവരിയാക്കുമ്പോള്‍ വെള്ളൂര്‍ പഴയതെരു പോര്‍ക്കലി ക്ഷേത്രം ഉള്‍പ്പെടുന്ന സ്ഥലം അക്വയര്‍ ചെയ്യാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വെള്ളൂരില്‍ സംരക്ഷണവലയം തീര്‍ത്തു. വെള്ളൂര്‍ ദേശീയപാതയിലാണ് നാട്ടുകാര്‍ വലയംതീര്‍ത്തത്. വലയം ക്ഷേത്രസംരക്ഷണ ജില്ല സെക്രട്ടറി എം. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. എന്‍. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ കെ.പി. ജ്യോതി, പി.വി.ടി. കരുണാകരന്‍, പി. പദ്മനാഭന്‍, കെ. ധനഞ്ജയന്‍, പി.പി. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. സ്വാമി വിനോദ്ജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവില്‍ അളന്നിട്ട സ്ഥലത്ത് പാത വികസിപ്പിക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രവും തെക്കെ കാവ് സമുച്ചയവും നാഗവും ക്ഷേത്രക്കുളവും ഇല്ലാതാകും. അതുകൊണ്ട് പാതയുടെ രൂപരേഖ മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരം നടത്തിവരുകയാണ്. പദ്മശാലിയ സമുദായത്തിന്‍േറതാണ് ക്ഷേത്രം. ശ്രീപോര്‍ക്കലി ഭഗവതിക്കു പുറമേ കുലദേവതയായ മൂവാളംകുഴി ചാമുണ്ഡി, ചൂളിയാര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പടവീരന്‍, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങളാണ് ക്ഷേത്രത്തിലുള്ളത്. തൊട്ടടുത്ത് നാഗവുമുണ്ട്. വെള്ളൂര്‍ പോസ്റ്റ് ഓഫിസില്‍നിന്ന് തെക്കു മാറി സ്ഥിതിചെയ്യുന്ന ക്ഷേത്രം അക്വയര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, ദേശീയപാത അതോറിറ്റി, സി. കൃഷ്ണന്‍ എം.എല്‍.എ മുഖേന കണ്ണൂര്‍ ജില്ല കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നെയ്ത്തുകാര്‍ തൊഴിലിന്‍െറഭാഗമായി സംഘംചേര്‍ന്ന് താമസിക്കുന്ന സ്ഥലമാണ് തെരു. ഇവിടെ വേറെ ക്ഷേത്രം പണിയാന്‍ സ്ഥലമില്ല. ദേശീയപാതക്കുവേണ്ടി നേരത്തെ അക്വയര്‍ ചെയ്യാന്‍ തീരുമാനിച്ച സ്ഥലം ഒഴിവാക്കിയാണ് പുതിയസ്ഥലം തീരുമാനിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ അളന്ന സ്ഥലം ഏറ്റെടുത്താല്‍ ക്ഷേത്രസമുച്ചയം, ചന്തന്‍ സ്മാരക സ്കൂള്‍ കോമ്പൗണ്ട്, വ്യാപാരസ്ഥാപനങ്ങള്‍, പള്ളിപ്പറമ്പ് എന്നിവ ഒഴിവാക്കി ദേശീയപാത വികസനം സാധ്യമാകുമെന്നും ക്ഷേത്രം നഷ്ടപ്പെടുന്നത് വിശ്വാസികളുടെ ആത്മാവ് നഷ്ടപ്പെടുന്നതിന് തുല്യമാണെന്നും ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.