ഡോക്ടര്‍മാരുടെ അഭാവം: ജില്ല ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു

കണ്ണൂര്‍: എല്ലുരോഗ വിദഗ്ധന്‍െറയും അനസ്തെറ്റിസ്റ്റിന്‍െറയും അഭാവം ജില്ല ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി രോഗികളുടെ പരാതി. അനസ്തെറ്റിസ്റ്റിന്‍െറ ഒഴിവുനിമിത്തം ജില്ല ആശുപത്രിയിലെ പ്രസവ വിഭാഗത്തിലൊഴികെ മറ്റ് വിഭാഗങ്ങളിലെ ഓപറേഷനുകള്‍ മാറ്റിവെക്കേണ്ട സ്ഥിതിയിലാണെന്നും ആക്ഷേപമുണ്ട്. അസ്ഥിരോഗവിഭാഗം ഡോക്ടര്‍മാരില്ലാത്തത് കഴിഞ്ഞദിവസം നിരവധി രോഗികള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായി. ജില്ല ആശുപത്രിയില്‍ എല്ലുരോഗ വിഭാഗത്തില്‍ രണ്ടു കണ്‍സല്‍ട്ടന്‍റിന്‍െറയും രണ്ടു ജൂനിയര്‍ കണ്‍സല്‍ട്ടന്‍റിന്‍െറയും തസ്തികയാണുള്ളത്. നിലവില്‍ ഇവിടെ ഒരു കണ്‍സല്‍ട്ടന്‍റും ഒരു ജൂനിയര്‍ കണ്‍സല്‍ട്ടന്‍റും മാത്രമാണുള്ളത്. ഒരാള്‍ ബോര്‍ഡ് യോഗത്തിലും മറ്റൊരാള്‍ ഓപറേഷന്‍ തിയറ്ററിലും ഡ്യൂട്ടിക്ക് പോയാല്‍ ഒ.പി വിഭാഗം അടച്ചിടേണ്ട അവസ്ഥയിലാണെന്ന് ജില്ല ആശുപത്രി സൂപ്രണ്ട് പറഞ്ഞു. അടിയന്തരമായി ഒരു എല്ലുരോഗ വിദഗ്ധനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കിയതായും ഇവര്‍ അറിയിച്ചു. അനസ്തെറ്റിക്സ് വിഭാഗത്തിലുള്ള ഒരു ഡോക്ടര്‍ വിരമിക്കാന്‍ ആറു മാസം മാത്രമുള്ളതിനാല്‍ ഇദ്ദേഹം അവധിയില്‍ പ്രവേശിച്ചതോടെയാണ് ഈ വിഭാഗത്തിലും ഡോക്ടര്‍മാരുടെ ക്ഷാമം നേരിട്ടത്. ജില്ല മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം വര്‍ക്കിങ് അറേഞ്ച്മെന്‍റിലൂടെ മറ്റൊരു അനസ്തറ്റിക്സിനെ താല്‍ക്കാലികമായി ആശുപത്രിയില്‍ നിയമിച്ചിട്ടുണ്ട്. ഒന്നിലേറെ ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ളിടത്ത് ഒരു ഡോക്ടറുടെ സേവനംമാത്രം രോഗികള്‍ക്ക് ഉപകാരപ്രദമാകുന്നില്ളെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.