റോഡ് നിർമാണം: ഗുണനിലവാരം ഉറപ്പുവരുത്താൻ വിപുലമായ സംവിധാനം

കണ്ണൂർ: ജില്ലയിലെ വിവിധ തദ്ദേശ സ്​ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് നിർമാണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വിപുലമായ സംവിധാനത്തിന് ജില്ല ആസൂത്രണ സമിതി (ഡി.പി.സി) രൂപം നൽകി. റോഡുകളുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ഡി.പി.സിയുടെ ആദ്യ യോഗത്തിൽ ഇക്കാര്യത്തിൽ കർശനമായ തീരുമാനമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ മുടക്കി ടാർ ചെയ്ത റോഡുകൾ പെട്ടെന്നുതന്നെ പൊട്ടിപ്പൊളിയുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായി യോഗം നിയന്ത്രിച്ച ഡി.പി.സി ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. റോഡ് തകർന്നതിനുശേഷം കരാറുകാരെക്കൊണ്ട് നന്നാക്കിക്കുന്നതിനുപകരം നിർമാണവേളയിൽ തന്നെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് വേണ്ടത്. അതിന് ജില്ലാതലത്തിൽ ശക്തമായ ക്വാളിറ്റി കൺട്രോൾ ടീമിന് രൂപം നൽകും. അതോടൊപ്പം ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ക്വാളിറ്റി കൺട്രോൾ ടീം സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ട് ഡി.പി.സി ചർച്ച ചെയ്യും. പ്രവൃത്തികളിൽ വീഴ്ച വരുത്തുന്ന കരാറുകാർക്ക് വീണ്ടും ഇത്തരം കരാറുകൾ ലഭിക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി പറഞ്ഞു. ഇത്തരക്കാരുടെ പ്രത്യേക പട്ടിക തയാറാക്കാനും കലക്ടർ നിർദേശം നൽകി. ബ്ലോക്ക്– ജില്ലാതലങ്ങളിൽ നടന്ന പദ്ധതി നിർവഹണ അവലോകന റിപ്പോർട്ട് ഡി.പി.സി ചർച്ച ചെയ്തു. പുതുതായി രൂപവത്കൃതമായ കോർപറേഷനിലും നഗരസഭകളിലും ആവശ്യത്തിന് നിർവഹണ ഉദ്യോഗസ്​ഥരില്ലാത്തതിനാൽ പട്ടികജാതി വിഭാഗക്കാരുടേതുൾപ്പെടെ കോടികളുടെ ഫണ്ടാണ് പദ്ധതി നിർവഹണം സാധിക്കാതെ മുടങ്ങിക്കിടക്കുന്നതെന്ന് യോഗം വിലയിരുത്തി. ജില്ലയിൽ 17 അസി. എൻജിനീയർമാരുടെ ഒഴിവുകളുണ്ട്. പേരാവൂർ, ഇരിട്ടി ബ്ലോക്കുകളിലാണ് കൂടുതൽ പേരുടെ കുറവുള്ളതെന്നും ഉദ്യോഗസ്​ഥൻ അറിയിച്ചു. കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ പദ്ധതി ചെലവ് താരതമ്യേന കുറവാണെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്​ഥർക്ക് നിർദേശം നൽകി. പദ്ധതി നിർവഹണം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുള്ള സമഗ്ര മാർഗനിർദേശങ്ങൾ സർക്കാർ നാമനിർദേശം ചെയ്ത എക്സ്​പേർട്ട് മെംബർ കെ.വി. ഗോവിന്ദൻ യോഗത്തിൽ അവതരിപ്പിച്ചു. ആസൂത്രണ സമിതി മിനി കോൺഫറൻസ്​ ഹാളിൽ നടന്ന യോഗത്തിൽ സമിതി അംഗങ്ങളായ ഇ.പി. ലത, കെ.പി. ജയബാലൻ, വി.കെ. സുരേഷ് ബാബു, കെ. ശോഭ, ടി.ടി. റംല, അജിത് മാട്ടൂൽ, പി. ഗൗരി, സുമിത്ര ഭാസ്​കരൻ, പി. ജാനകി, പി.കെ. ശ്യാമള, എം. സുകുമാരൻ, കെ.വി. ഗോവിന്ദൻ, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.