പ്ലസ്​ ടു വിദ്യാർഥികളിൽ പുകയില ഉപയോഗം വ്യാപകമാവുന്നു

കണ്ണൂർ: ജില്ലയിൽ 70 ശതമാനത്തോളം ഹയർസെക്കൻഡറി വിദ്യാർഥികളും 15ാം വയസ്സിൽത്തന്നെ പുകയില ഉപയോഗം തുടങ്ങുന്നതായി പഠന റിപ്പോർട്ട്. കണ്ണൂർ മെഡിക്കൽ കോളജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഒരിക്കലെങ്കിലും പുകയില ഉപയോഗിച്ചിട്ടുള്ളവരിൽ കാൽഭാഗവും സ്​കൂൾ പരിസരത്താണ് ഇവ ഉപയോഗിച്ചത്. 15നും 18നുമിടയിൽ പ്രായമുള്ള ആൺകുട്ടികളിൽ 19 ശതമാനവും ഏതെങ്കിലും രൂപത്തിൽ പുകയില ഉപയോഗിക്കുന്നവരാണെന്ന് പഠനത്തിൽ തെളിഞ്ഞു. പുകവലി മാത്രം ശീലമാക്കിയവരുടെ എണ്ണം വളരെ ഉയർന്ന് 18.15 ശതമാനത്തിലെത്തിയെന്നും പഠനം പറയുന്നു. ജില്ലയിലെ നിഷ്പക്ഷമായി തെരഞ്ഞെടുത്ത രണ്ടു ഹയർസെക്കൻഡറി സ്​കൂളുകളിലെ 775 കുട്ടികളിൽ നടത്തിയ പഠനം ‘ഇൻറർനാഷനൽ ജേണൽ ഓഫ് സയൻറിഫിക് സ്​റ്റഡി’ ആണ് പ്രസിദ്ധീകരിച്ചത്. ‘കണ്ണൂരിലെ പ്രീ–യൂനിവേഴ്സിറ്റി വിദ്യാർഥികളിലെ പുകയില ഉപയോഗം –ഒരു സമഗ്ര പഠനം’ എന്ന പേരിൽ നടത്തിയ സർവേയിൽ 336 ആൺകുട്ടികളും 439 പെൺകുട്ടികളും പങ്കാളികളായി. പഠനത്തിൽ പങ്കെടുത്ത 41 ശതമാനം കുട്ടികൾക്കും സമീപത്തെ കടകളിൽനിന്ന് പുകയില ഉൽപന്നങ്ങൾ ലഭിച്ചപ്പോൾ 27 ശതമാനത്തിന് കൂട്ടുകാരിൽനിന്നും ലഭിച്ചു. പുകയില ഉൽപന്നങ്ങൾ കിട്ടാൻ എളുപ്പമാണെന്ന് 79 ശതമാനം കുട്ടികളും പറഞ്ഞു. 87 ശതമാനം കുട്ടികളും പുകയില ഉൽപന്നങ്ങൾ തങ്ങളുടെ ആകർഷകത്വം വർധിപ്പിക്കുന്നുവെന്ന അഭിപ്രായക്കാരല്ലായിരുന്നു. അതേസമയം, 68 ശതമാനം പേർക്കും പുകയില കാൻസറിനു കാരണമാകുന്നതാണെന്ന് അറിയാം. കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെൻറ് അസിസ്​റ്റൻറ് പ്രഫസർ ഡോ. സുശ്രുത് എ. നീലോപന്ത്, റേഡിയോ ഡയഗ്നോസിസ്​ ഡിപ്പാർട്മെൻറിലെ ഡോ. ഡി. ശിൽപ എന്നിവരാണ് പഠനം നടത്തിയത്. ഹയർസെക്കൻഡറി കുട്ടികളിലെ പുകയില ഉപയോഗത്തെപ്പറ്റി അടിസ്​ഥാന വിവരങ്ങൾ ലഭിക്കുന്നതിനാണ് സർവേ നടത്തിയതെന്നും ലോകാരോഗ്യ സംഘടനയുടെ മാതൃകയുടെ അടിസ്​ഥാനത്തിൽ തയാറാക്കിയ ചോദ്യാവലിയാണ് ഉപയോഗിച്ചതെന്നും പഠനത്തിനു നേതൃത്വം നൽകിയ ഡോ. സുശ്രുത് പറഞ്ഞു. കുട്ടികൾ സ്വയം വിവരങ്ങൾ നൽകുന്ന രീതിയാണ് അവലംബിച്ചത്. പുകയില ഉൽപന്നങ്ങളെ സംബന്ധിച്ച് രാജ്യത്തു നിലനിൽക്കുന്ന നിയമങ്ങളെപ്പറ്റി അറിവു പകരുന്നതിൽ മാധ്യമങ്ങൾ പ്രധാന പങ്കുവഹിക്കുന്നതായും പഠനത്തിൽ വ്യക്തമായി. 92 ശതമാനം കുട്ടികളും നിയമത്തെപ്പറ്റി അറിവുണ്ടെന്നു പറഞ്ഞു. ഇതിൽ 35 ശതമാനത്തിനും അച്ചടി, ടെലിവിഷൻ മാധ്യമങ്ങളിൽനിന്നാണ് ഇതേപ്പറ്റി അറിവു ലഭിച്ചത്. ഇന്ത്യയിൽ പൊതുവേ കാണുന്ന പ്രവണതയിൽനിന്ന് വ്യത്യസ്​തമായി കണ്ണൂരിൽ പുകയില ചവക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും പഠനത്തിൽ കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.