രണ്ടാം ഭാഗം റോഡ് വികസനം: നാറ്റ്പാക് റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം

കണ്ണൂര്‍: കണ്ണൂരിന്‍െറ റോഡ് വികസനത്തിനായുള്ള വിവിധ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് നാറ്റ്പാക് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയത്. കണ്ണൂര്‍ നഗര വികസനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ കോര്‍പറേഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ നഗര വികസനം സംബന്ധിച്ച് കോര്‍പറേഷന്‍ തയാറാക്കിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. അഴീക്കല്‍ തുറമുഖവും കണ്ണൂര്‍ വിമാനത്താവളവുമടക്കമുള്ള പദ്ധതികള്‍ വളരെ വേഗം യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ബജറ്റില്‍ പ്രഖ്യാപിച്ച നഗരത്തിലെ രണ്ട് മേല്‍പാലങ്ങളും ബൈപാസും യാഥാര്‍ഥ്യമായാല്‍ ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, ഗതാഗതക്കുരുക്ക് ഒഴിവാക്കല്‍, മരം നട്ടുപിടിപ്പിക്കല്‍, നഗര സൗന്ദര്യവത്കരണം തുടങ്ങിയ പദ്ധതികള്‍ സംബന്ധിച്ച് നാറ്റ്പാക്കിനെയും മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടേത് ശുചിത്വ മിഷനെയുമാണ് പഠന റിപ്പോര്‍ട്ട് തയാറാക്കാന്‍ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്കരന്‍ അറിയിച്ചു. അഴീക്കല്‍ തുറമുഖത്തിന് 486 കോടി രൂപ കിഫ്ബിയില്‍ വകയിരുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിന്‍െറ പശ്ചാത്തല സൗകര്യങ്ങള്‍ ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാകും. എന്നാല്‍, സിവില്‍ ഏവിയേഷന്‍ ഡയറക്ടറുടെ അനുമതി ലഭിക്കാനുള്ള നടപടികള്‍ക്ക് മൂന്ന്, നാല് മാസമെടുക്കും. സെപ്റ്റംബറോടെ വിമാനത്താവളം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ. ക്യൂ ഇല്ലാത്ത വിമാനത്താവളമായിരിക്കും കണ്ണൂരിലേതെന്നും അദ്ദേഹം പറഞ്ഞു. നഗര വികസനം സംബന്ധിച്ച കോര്‍പറേഷന്‍െറ നിര്‍ദേശങ്ങള്‍ മേയര്‍ ഇ.പി. ലത അവതരിപ്പിച്ചു. മാളികാപ്പറമ്പില്‍ അന്താരാഷ്ട്ര സ്റ്റേഡിയം, പഴയ ബസ്സ്റ്റാന്‍ഡില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍-കമേഴ്സ്യല്‍ കോംപ്ളക്സ്, ചേലോറ ന്യൂ ഇന്‍റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, ചേലോറയില്‍ ആധുനിക മാലിന്യ സംസ്കരണ പ്ളാന്‍റ് തുടങ്ങിയ പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടത്. കണ്ണൂരിന്‍െറ സാംസ്കാരികവും പാരമ്പര്യവും നിലനിര്‍ത്തുന്ന വിധത്തിലുള്ളതായിരിക്കണം വികസന പരിപാടികളെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് നിര്‍ദേശിച്ചു. തലശ്ശേരി, കണ്ണൂര്‍ നഗരങ്ങളെ ഇരട്ട നഗരമായിക്കണ്ട് ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് കണ്ണൂരിന് വന്‍ കുതിപ്പ് കൈവരിക്കാനാകുമെന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി, വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.