ഇരിട്ടി-തലശ്ശേരി, ഇരിട്ടി-കണ്ണൂര്‍ റൂട്ടില്‍ രണ്ടാം ദിവസവും ബസുകള്‍ ഓടിയില്ല

മട്ടന്നൂര്‍: ജീവനക്കാരനെ പൊലീസ് മര്‍ദിച്ചതായി ആരോപിച്ച് ഇരിട്ടി- തലശ്ശേരി റൂട്ടിലും ഇരിട്ടി-കണ്ണൂര്‍ റൂട്ടിലും ബുധനാഴ്ച തുടങ്ങിയ സ്വകാര്യ ബസ് പണിമുടക്ക് രണ്ടാംദിവസവും തുടര്‍ന്നു. പരീക്ഷ ആരംഭിച്ച ദിവസംതന്നെ ബസ് പണിമുടക്ക് തുടങ്ങിയതിനാല്‍ വിദ്യാര്‍ഥികളും മറ്റു യാത്രക്കാരും ഏറെ വലഞ്ഞു. അതേസമയം, വെള്ളിയാഴ്ച രാവിലെ മുതല്‍ ബസുകള്‍ സര്‍വിസ് നടത്താന്‍ ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ വിളിച്ചുചേര്‍ത്ത ബസ് ജീവനക്കാരുടെയും ഉടമസ്ഥരുടെയും യോഗം തീരുമാനിച്ചു. മിന്നല്‍ പണിമുടക്കിനെ യൂനിയന്‍ അംഗീകരിക്കുന്നില്ളെന്ന് നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു. അതിനിടെ, യാത്രാസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് ബസ് പാസഞ്ചേഴ്സ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ബസുകള്‍ തടയും. വൈകീട്ട് നാലിന് മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പ്രതിഷേധം നടക്കുക. ഇന്നലെ ബസുകള്‍ തടയാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും സമരം തുടര്‍ന്നതിനാല്‍ പ്രതിഷേധം നടന്നില്ല. തലശ്ശേരി-ഇരിട്ടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസിലെ ജീവനക്കാരനെ യാത്രക്കാരനായ പൊലീസുകാരന്‍ മര്‍ദിച്ചുവെന്നാരോപിച്ചാണ് ബസുകള്‍ പണിമുടക്കിയത്. എന്നാല്‍, ക്ളീനര്‍ വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയതു ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാരനെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസും ആരോപിക്കുന്നു. ക്ളീനറും പൊലീസുകാരനും ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിവൈ.എസ്.പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ യൂനിയന്‍ നേതാക്കളായ കെ. ജയരാജന്‍, സി.എച്ച്. ലക്ഷ്മണന്‍, പി. ചന്ദ്രന്‍ (സി.ഐ.ടി.യു), കെ.കെ. ശ്രീജിത്ത്, കെ. കൃഷ്ണന്‍ (ബി.എം.എസ്), എം.കെ. രവീന്ദ്രന്‍ (ഐ.എന്‍.ടി.യു.സി), ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ വി.ജെ. സെബാസ്റ്റ്യന്‍, രാജ്കുമാര്‍ കരുവാരത്ത് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.