കറന്‍സി നിരോധനം: ക്ഷീര കര്‍ഷകര്‍ റോഡില്‍ പാലൊഴുക്കി പ്രതിഷേധിച്ചു

പേരാവൂര്‍: കറന്‍സി നിരോധനം കാരണം ദുരിതത്തിലായ മലയോരത്തെ ക്ഷീരകര്‍ഷകര്‍ റോഡില്‍ പാലൊഴിച്ച് പ്രതിഷേധിച്ചു. കറന്‍സി നിയന്ത്രണത്തില്‍നിന്നും ക്ഷീരസംഘങ്ങളെ ഒഴിവാക്കുക, സംഘങ്ങളില്‍നിന്നും പാല്‍വില പണമായി ലഭ്യമാക്കുക, പാലിന് ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് പേരാവൂര്‍ ബ്ളോക്ക് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ പേരാവൂര്‍ പോസ്റ്റോഫിസിലേക്ക് നടത്തിയ മാര്‍ച്ചിനും ധര്‍ണക്കും ശേഷമാണ് റോഡില്‍ പാലൊഴിച്ച് കര്‍ഷകര്‍ പ്രതിഷേ ധിച്ചത്. പേരാവൂര്‍ ബ്ളോക്ക് ക്ഷീരസംഘങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകരാണ് പാല്‍ പാത്രങ്ങളുമെടുത്ത് പശുക്കളുമായി പരിപാടിയില്‍ പങ്കെടുത്തത്. മാര്‍ച്ച് പോസ്റ്റോഫിസിനു മുന്നില്‍ പേരാവൂര്‍ എസ്.ഐ പി.കെ. ദാസിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. സമരസമിതി കണ്‍വീനര്‍ കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേളകം ക്ഷീരസംഘം പ്രസിഡന്‍റ് തോമസ് ഏലപ്ര അധ്യക്ഷത വഹിച്ചു. ടി.ജെ. ജോയി, എം.എ. ലാലു, സന്തോഷ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പണം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകര്‍ക്ക് പാലിന്‍െറ വില നല്‍കാന്‍ സംഘങ്ങള്‍ക്ക് കഴിയുന്നില്ല. ഇത് പരിഹരിക്കാന്‍ ക്ഷീര സംഘങ്ങള്‍ക്ക് ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ അനുവാദം നല്‍കണം. 25 ക്ഷീര സംഘങ്ങളിലായി പതിനായിരത്തിലേറെ ക്ഷീര കര്‍ഷകര്‍ പേരാവൂര്‍ ബ്ളോക്ക് പരിധിയിലുണ്ട്. ഇത്രയുമാളുകള്‍ക്ക് ഒരു മാസം രണ്ടുകോടിയോളം രൂപ നല്‍കണം. എന്നാല്‍, മാസം 18 ലക്ഷം മാത്രമാണ് ക്ഷീരസംഘങ്ങള്‍ക്ക് ബാങ്കില്‍ നിന്നു ലഭിക്കുന്നതെന്ന് സമരത്തില്‍ പങ്കെടുത്ത സൊസൈറ്റീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.