കല്യാശ്ശേരിയില്‍ സിവില്‍ സര്‍വിസ് അക്കാദമി ഉദ്ഘാടനം 17ന്

കണ്ണൂര്‍: സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമിയുടെ ഉത്തരമലബാറിലെ ആദ്യ കേന്ദ്രമായ കല്യാശ്ശേരി സെന്‍റര്‍ ഫോര്‍ എക്സലന്‍സ് അക്കാദമി 17ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ടി.വി. രാജേഷ് എം.എല്‍.എയും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലാണ് സിവില്‍ സര്‍വിസ് അക്കാദമി പ്രവര്‍ത്തിക്കുക. സിവില്‍ സര്‍വിസ് പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ എട്ടാമത്തെ കേന്ദ്രമാകും ഇത്. സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്സുകള്‍ ജനുവരിയോടെ ആരംഭിക്കും. താമസിയാതെ സിവില്‍ സര്‍വിസ് പ്രിലിമിനറി കോഴ്സും തുടങ്ങും. തിരുവനന്തപുരത്തെ പ്രധാനകേന്ദ്രത്തില്‍ നടക്കുന്ന ക്ളാസുകള്‍ ലൈവായി ലഭ്യമാക്കാനും അധ്യാപകരുമായി തത്സമയ ആശയവിനിമയം നടത്താനും വെര്‍ച്വല്‍ ക്ളാസ്മുറിയും ലൈബ്രറിയും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് അടുത്തവര്‍ഷത്തോടെ യാഥാര്‍ഥ്യമാക്കുമെന്ന് ടി.വി. രാജേഷ് എം.എല്‍.എ പറഞ്ഞു. പ്രിലിമിനറി പാസാകുന്നവര്‍ക്ക് തിരുവനന്തപുരത്തെ പ്രധാനകേന്ദ്രത്തില്‍ മെയിന്‍ പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് തുടര്‍വിദ്യാഭ്യാസ കേന്ദ്രം സംസ്ഥാന കോഓഡിനേറ്റര്‍ പി.കെ. ശങ്കരന്‍കുട്ടി പറഞ്ഞു. 8, 9, 10 ക്ളാസ് വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്സും പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കും ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുമുള്ള സിവില്‍ സര്‍വിസ് ഫൗണ്ടേഷന്‍ കോഴ്സും ജനുവരിയോടെ ആരംഭിക്കും. ഇതിന് ഉദ്ഘാടനശേഷം അപേക്ഷ ക്ഷണിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന കോഴ്സുകളില്‍ രണ്ടുവീതം ബാച്ചിലായി 280 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ അധിക ബാച്ചുകള്‍ തുടങ്ങും. സംസ്ഥാനതലത്തിലായിരിക്കും പ്രവേശനം. അപേക്ഷകരുടെ എണ്ണം കൂടുകയാണെങ്കില്‍ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നല്‍കുക. വാര്‍ത്താസമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ.പി. ജയബാലന്‍ മാസ്റ്റര്‍, ജില്ല പഞ്ചായത്ത് അംഗം പി.പി. ഷാജിര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് വി.കെ. രാജന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.