സബ്സിഡി രാസവളം ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

കണ്ണൂര്‍: കാര്‍ഷികാവശ്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയോടെ വിതരണം ചെയ്യുന്ന രാസവളങ്ങള്‍ ഓണ്‍ലൈന്‍ വഴി യഥാര്‍ഥ ഗുണഭോക്താക്കളിലത്തെിക്കുന്ന പദ്ധതിക്ക് ജനുവരി പകുതിയോടെ ജില്ലയില്‍ തുടക്കമാകും. ചെറുകിട വില്‍പന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന പി.ഒ.എസ് മെഷീനുകള്‍ വഴിയാണ് സേവനം ലഭ്യമാവുക. പദ്ധതി യാഥാര്‍ഥ്യമായാല്‍ വളം വില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാകും. ഇതിനായി ബ്ളോക്ക്തലത്തില്‍ ചെറുകിട വ്യാപാരികള്‍ക്ക് പ്രത്യേക പരിശീലന ക്ളാസ് നല്‍കാനും ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് പ്രത്യേക ആധാര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് നടത്താനും കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. പി.ഒ.എസ് മെഷീനുകള്‍ കടകളില്‍ സ്ഥാപിക്കാനും വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. പി.ഒ.എസ് മെഷീനുകളില്‍ ആധാര്‍ നമ്പര്‍ നല്‍കി വിരലടയാളം പതിപ്പിച്ചാല്‍ രാസവള കമ്പനികളെയും ഉല്‍പന്നങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ഇതുവഴി കര്‍ഷകര്‍ക്ക് ആവശ്യമുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കാം. ഫാക്ടിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ജില്ലയില്‍ 200 മെഷീനുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കാര്‍ഷികരംഗത്തും കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുന്നതിന്‍െറ ഭാഗമായി കണ്ണൂര്‍ ഉള്‍പ്പെടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 16 ജില്ലകളിലാണ് പി.ഒ.എസ് മെഷീന്‍ മുഖേന സേവനലഭ്യത ഉറപ്പുവരുത്തുന്നത്. ജില്ല കലക്ടര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ അഗ്രികള്‍ചര്‍ ഓഫിസര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ (എന്‍.ഐ.സി), ജില്ല പ്രോജക്ട് ഓഫിസര്‍ (അക്ഷയ) എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.