മാങ്ങാട് സിവില്‍ സര്‍വിസ് അക്കാദമി ഒരുങ്ങി

കല്യാശ്ശേരി: കല്യാശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ട് സിവില്‍ സര്‍വിസ് അക്കാദമികേന്ദ്രം ഒരുങ്ങുന്നു. ആറുവര്‍ഷമായി അനാഥമായിക്കിടന്ന സെന്‍റര്‍ ഫോര്‍ എക്സലന്‍സ് കെട്ടിടം പുതുക്കിപ്പണിഞ്ഞാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കേന്ദ്രത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനം 17ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസവകുപ്പിന്‍െറ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴിലാണ് ഉപകേന്ദ്രം പ്രവര്‍ത്തിക്കുക. 2010-11 വര്‍ഷത്തില്‍ ജില്ല പഞ്ചായത്തിന്‍െറ കീഴില്‍ 24 ലക്ഷം രൂപ ചെലവിട്ട് സെന്‍റര്‍ ഫോര്‍ എക്സലന്‍സ് ഉദ്ഘാടനം ചെയ്തെങ്കിലും കെട്ടിടം ഇത്രയുംകാലം അനാഥമായിക്കിടക്കുകയായിരുന്നു. പിന്നീട് 2014ല്‍ കാന്‍റീന്‍ കെട്ടിടം ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വീണ്ടും 15 ലക്ഷം ചെലവഴിച്ചാണ് കേന്ദ്രം പുതുക്കിപ്പണിഞ്ഞ് പ്രവര്‍ത്തനസജ്ജമാ ക്കുന്നത്. മികച്ച ലൈബ്രറി, ഹൈടെക് ക്ളാസ് മുറി എന്നിവ കേന്ദ്രത്തില്‍ ഒരുക്കും. ഇതിനാവശ്യമായ ഫണ്ട് ടി.വി. രാജേഷ് എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്ന് അനുവദിക്കും. ആദ്യഘട്ടത്തില്‍ ഈ കേന്ദ്രത്തിലൂടെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്‍റ് ഡെവലപ്മെന്‍റ് കോഴ്സും ഹയര്‍ സെക്കന്‍ഡറി, ബിരുദവിദ്യാര്‍ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്സും തുടങ്ങും. 50 വീതം വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുക. സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷ പരിശീലനം അടുത്തവര്‍ഷം ജൂണില്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, മെഡിക്കല്‍, എന്‍ജി. എന്‍ട്രന്‍സ് ഉള്‍പ്പെടെ വിവിധ മത്സരപരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിനുള്ള പരിശീലനവും തുടങ്ങും. ആകെ സീറ്റിന്‍െറ പകുതി എണ്ണത്തില്‍ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. കുട്ടികളുടെ അഭാവത്തില്‍ സംവരണസീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും. കേന്ദ്രത്തിലേക്ക് വിദഗ്ധ അധ്യാപകരുടെ പാനല്‍ തയാറാക്കുകയാണ്. തിരുവനന്തപുരം സിവില്‍ സര്‍വിസ് അക്കാദമിയിലെ അധ്യാപകരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും. സമീപ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്കുകൂടി പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും പരിശീലന ക്ളാസുകള്‍ ക്രമീകരിക്കുക. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ കോഴ്സുകള്‍ക്ക് ആവശ്യമായ മികവാര്‍ന്ന പരിശീലനം ഭാവിയില്‍ കേന്ദ്രത്തിലൂടെ നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.