പ്രവാചക സ്മരണയില്‍ നബിദിനാഘോഷം

കണ്ണൂര്‍: പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം ആഘോഷിച്ചു. മഹല്ല് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലിയും ഘോഷയാത്രയും നടന്നു. മദ്റസകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. പള്ളി മദ്റസാ പരിസരങ്ങളും വഴിയോരങ്ങളും കൊടിതോരണങ്ങളും ബാനറുകളും കൊണ്ട് അലങ്കരിച്ച് ആഘോഷങ്ങള്‍ വര്‍ണാഭമാക്കി. ദഫ്മുട്ടിന്‍െറയും പ്രവാചക സ്തുതികീര്‍ത്തനങ്ങളുടെയും അകമ്പടിയോടെ നബിദിന ഘോഷയാത്രകള്‍ നടന്നു. മദ്റസാ വിദ്യാര്‍ഥികളും വിവിധ സംഘടനാ പ്രവര്‍ത്തകരും പള്ളിക്കമ്മിറ്റി, മദ്റസാ കമ്മിറ്റി ഭാരവാഹികളും ഘോഷയാത്രയില്‍ അണിനിരന്നു. രാവിലെ പള്ളികളില്‍ മൗലീദ് പാരായണത്തിനുശേഷം അന്നദാനം, മധുരപലഹാര-പായസ വിതരണം, ലഘുപാനീയ വിതരണം തുടങ്ങിയവ നടന്നു. എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്നേഹ വിരുന്നിന്‍െറ ഭാഗമായി ജില്ല ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നബിദിന പൊതിച്ചോര്‍ നല്‍കി. വിതരണം ജില്ല പൊലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുരുഡിന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എന്‍. അബ്ദുല്ലത്തീഫ് ഫൈസി, പി.കെ. അബൂബക്കര്‍ മൗലവി, ഹുസൈന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. തലശ്ശേരി: തലശ്ശേരി ജൂബിലി മാര്‍ക്കറ്റ് മൗലീദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന മതസൗഹാര്‍ദ സമ്മേളനം സംഘടിപ്പിച്ചു. ഉസ്താദ് മുഹമ്മദ് സിയാദ് ദാരിമി അല്‍അസ്ഹരി ഉദ്ഘാടനം ചെയ്തു. ഉസ്താദ് സുബൈര്‍ ലത്തീഫി പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പി.വി. ഖാലിദ് അധ്യക്ഷത വഹിച്ചു. ഫാ. ജി.എസ്. ഫ്രാന്‍സിസ്, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. കേരള മുസ്ലിം ജമാഅത്ത് സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് തലശ്ശേരി നഗരത്തില്‍ മീലാദ് റാലി നടത്തി. സെയ്താര്‍ പള്ളിയില്‍ നിന്നാരംഭിച്ച റാലി പ്രധാന റോഡ്, ലോഗന്‍സ് റോഡ് വഴി സഞ്ചരിച്ച് പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. എടക്കാട്: എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശത്തെ മദ്റസകള്‍ കേന്ദ്രീകരിച്ച് ആഘോഷ പരിപാടികളും വിദ്യാര്‍ഥിറാലിയും നടന്നു. റാലികളില്‍ മദ്റസാധ്യാപകരും മദ്റസ കമ്മിറ്റി ഭാരവാഹികളും അണിനിരന്നു. മുഴപ്പിലങ്ങാട് മഠം റഹ്മാനിയ മസ്ജിദില്‍ രാവിലെ പതാക ഉയര്‍ത്തി നബിദിനറാലി ആരംഭിച്ചു. വിവിധ സ്ഥലങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം കുളം ബസാറില്‍ വിദ്യാര്‍ഥികളുടെ കലാപ്രകടനം നടന്നു. മുഴപ്പിലങ്ങാട് കെട്ടിനകം ശാദുലിയാ മദ്റസ, സീതിന്‍െറ പള്ളി മദ്റസ, മുല്ലപ്പുറം മദ്റസ, എടക്കാട് തഅ്ലീമുല്‍ ഹിദായ മദ്റസ, പാച്ചാക്കര ഷെയ്ഖ് പള്ളി മദ്റസ, എടക്കാട് മുനീറുല്‍ ഇസ്ലാം മദ്റസ, മഠം ദാറുല്‍ഹുദ എന്നീ മദ്റസകള്‍ കേന്ദ്രീകരിച്ച് വിവിധ നബിദിന പരിപാടികള്‍ നടന്നു. മധുരപലഹാര വിതരണവും വിവിധ പള്ളികളില്‍ മൗലീദ് പാരായണവും അന്നദാനവും നടന്നു. പെരിങ്ങത്തൂര്‍: നബിദിനാഘോഷത്തിന്‍െറ ഭാഗമായി കരിയാട് പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് ശുചീകരണം നടന്നു. പോസ്റ്റ് ഓഫിസ് മുതല്‍ പള്ളിക്കുനി വരെയാണ് ശുചീകരിച്ചത്. പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ടി.എം. ബാബുരാജ് മാസ്റ്റര്‍, അന്‍സാര്‍ തട്ടാറത്ത്, ഷാമില്‍ മുസ്തഫ, മുഹമ്മദ് വാഴയില്‍ പീടികയില്‍, സി.കെ. രാഘവന്‍, തിലകന്‍, ടി.കെ. ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി. മയ്യില്‍: മയ്യില്‍ സെന്‍ട്രല്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും എസ്.കെ.എസ്.ബി.വി ഖാദിസിയ്യ മദ്റസ യൂനിറ്റിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ നബിദിനാഘോഷം നടത്തി. കണ്ടക്കൈ പെരിയങ്ങോടുനിന്ന് ആരംഭിച്ച നബിദിന ഘോഷയാത്ര മയ്യിലില്‍ സമാപിച്ചു. സിദ്ദീഖ് ദാരിമി പടങ്ങോട്ട് ഘോഷയാത്രക്ക് നേതൃത്വം നല്‍കി. ചൊക്ളി: ഒളവിലം റഹ്മാനിയ്യ മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മദ്റസ അങ്കണത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. മഹല്ല് കമ്മിറ്റി സെക്രട്ടറി വി.കെ. സുലൈമാന്‍ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പരിപാടികള്‍ പി. ഉമ്മര്‍ഹാജി ഉദ്ഘാടനംചെയ്തു. പാനൂര്‍: ചമ്പാട് താരാ മസ്ജിദ് നൂറുല്‍ ഇസ്ലാം സഭയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. പള്ളി കമ്മിറ്റി പ്രസിഡന്‍റ് വി.പി. യൂസഫ് പതാക ഉയര്‍ത്തി. അഷ്റഫ് ദാരിമി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അബുബക്കര്‍ ലത്തീഫി, ഹംസ മുസ്ലിയാര്‍, മുജീബ്, കെ.പി.എ. റഹീം, ഇ. അശ്റഫ്, പി.പി. റഫ്നാസ് എന്നിവര്‍ സംസാരിച്ചു. കലാപരിപാടികള്‍ക്ക് ശേഷം മിര്‍ഷാദ് യമാനി ചാലിയം അവതരിപ്പിച്ച വള്ളിക്കുടിലിലെ രാജകുമാരന്‍ ഇസ്ലാമിക കഥാപ്രസംഗം അരങ്ങേറി. മീത്തലെ ചമ്പാട് നുസ്റത്തുദ്ദീന്‍ മദ്റസയും മഹല്ല് കമ്മിറ്റിയും നബിദിനാഘോഷം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്‍റ് അനീക്കല്‍ ഇസ്മായില്‍ പതാക ഉയര്‍ത്തി. ഖത്തീബ് യൂനുസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. നസീര്‍ ഇടവലത്ത്, സലീമാസ് ഇസ്മായില്‍, ടി.കെ. ഫൈസല്‍, കെ. അന്‍വര്‍, കെ.വി. റസീം എന്നിവര്‍ സംസാരിച്ചു. ചമ്പാട് ടൗണില്‍ നബിദിന ഘോഷയാത്ര നടത്തി. പൊന്ന്യംപാലം പുഴക്കല്‍ ജുമാമസ്ജിദ് ഇസ്സത്തുദീന്‍ മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തില്‍ പള്ളികമ്മിറ്റി പ്രസിഡന്‍റ് ഖാദര്‍ മുസ്തലീഫ പതാക ഉയര്‍ത്തി. സുലൈമാന്‍ ഉസ്താദ് നബിദിനാഘോഷം ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് റഫീഖ് ഉസ്താദ് ശിവപുരം അധ്യക്ഷത വഹിച്ചു. ടി.ടി. അസ്കര്‍, ടി. മുനവര്‍, ടി.ടി. ഫുവാദ്, എം. മര്‍സീദ്, സി.കെ. ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.