ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്സര്‍ക്കാര്‍ ഗ്രാന്‍റില്‍ –ആനത്തലവട്ടം

കണ്ണൂര്‍: ഹിന്ദുക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങള്‍ സര്‍ക്കാര്‍ അടിച്ചുമാറ്റുന്നുവെന്ന ആര്‍.എസ്.എസ് പ്രചാരണം മതവികാരം ഇളക്കിവിടാന്‍വേണ്ടിയുള്ളതാണെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍. മലബാര്‍ ദേവസ്വം എംപ്ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വരുമാനമില്ലാത്ത ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് സര്‍ക്കാര്‍ ഗ്രാന്‍റ് നല്‍കുന്നുണ്ട്. എന്നാല്‍, മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഒറ്റ കാശും ശമ്പളത്തിനായി കൊടുക്കുന്നില്ല. ഹിന്ദുവികാരം ഇളക്കിവിടുന്നതിനായി ആര്‍.എസ്.എസ് നുണക്കഥകള്‍ സൃഷ്ടിക്കുകയാണെന്നും ആനത്തലവട്ടം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ മലബാറിലെ ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് ബജറ്റ് വിഹിതമായി 131 കോടി രൂപ നീക്കിവെച്ചെങ്കിലും നാമമാത്രമായ തുകയാണ് നല്‍കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന ഉടന്‍ 19 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതമായി 38 കോടി രൂപയും നല്‍കി. മലബാറില്‍ ദേവസ്വം ബോര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന മുഴുവന്‍ ജീവനക്കാരെയും തിരിച്ചുവിളിക്കുകയും പി.എസ്.സി നിയമനം നടത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഗോകുലപാലന്‍ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്‍, എ.കെ. ബാലന്‍, കെ. രവീന്ദ്രന്‍, കെ. പരമേശ്വരന്‍ ,യു.വി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.