ബി.ജെ.പി സര്‍ക്കാറുകള്‍ വ്യാജഏറ്റുമുട്ടലുകള്‍ക്ക് കുപ്രസിദ്ധമെന്ന് പിണറായി

ഭോപാല്‍: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് കുപ്രസിദ്ധമാണെന്നും മധ്യപ്രദേശില്‍ ജയിലില്‍ വിചാരണ കാത്തിരിക്കുന്ന എട്ട് മുസ്ലിം യുവാക്കളെ പച്ചക്ക് വെടിവെച്ചുകൊല്ലുകയായിരുന്നെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. 32 അടി ഉയരമുള്ള ജയിലില്‍നിന്ന് എട്ട് യുവാക്കള്‍ ചാടിയതെങ്ങനെയെന്ന ചോദ്യത്തിനുത്തരം ഇതുവരെ കിട്ടിയിട്ടില്ളെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സമ്മേളനത്തില്‍ പിണറായി അഭിപ്രായപ്പെട്ടു. എത്രകാലം അവര്‍ വിചാരണ കാത്തിരിക്കുമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍െറ പ്രസ്താവന സംഭവം ആസൂത്രിതമായ വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്നു. ഇശ്റത് ജഹാന്‍െറയും സൊഹ്റാബുദ്ദീന്‍ ശൈഖിന്‍െറയും വ്യാജ ഏറ്റുമുട്ടല്‍ മരണങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. മനുഷ്യാവകാശത്തിന്‍െറ ലംഘനമാണിതെന്നും ദേശീയത എന്ന് വിളിക്കാനാവില്ളെന്നും പിണറായി പറഞ്ഞു. ഇത്തരം ദുരിതങ്ങള്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇനിയും ഏറും. അതിനൊപ്പം ഈ ഭരണകൂടങ്ങള്‍ക്കെതിരെ ജനങ്ങളുടെ രോഷവും കൂടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ പാവങ്ങള്‍ക്കു നേരെയുള്ള ആക്രമണവും അടിയന്തരാവസ്ഥയേക്കാള്‍ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണത്തിനെതിരായ ആക്രമണമല്ല ഈ നടപടി. ജനങ്ങള്‍ നിശ്ശബ്ദമായി ഈ ദുരിതം സഹിക്കില്ല. മുതലാളിത്തത്തിനെതിരായ സമരം ശക്തമാക്കാനുള്ള അവസരമാണിതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.