ജില്ല ആശുപത്രി വികസനം: പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കും

കണ്ണൂര്‍: ജില്ല ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റി നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ജില്ല പഞ്ചായത്ത് തയാറാക്കിയ വികസന മാസ്റ്റര്‍ പ്ളാനിന്‍മേലുള്ള കിഫ്ബിയുടെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ്) വിശദ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍ തയാറാകും. ആശുപത്രി വികസനത്തിനായുള്ള തുക കിഫ്ബി വഴിയാണ് കണ്ടത്തെുന്നത്. റിപ്പോര്‍ട്ട് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) പ്രതിനിധി ജില്ല ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. എത്ര ബ്ളോക്കുകള്‍ പുതുതായി നിര്‍മിക്കണം, എത്രയെണ്ണം നവീകരിക്കണം, എന്തൊക്കെ സംവിധാനങ്ങളൊരുക്കണം തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷം വിശദമായ എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാസ്റ്റര്‍പ്ളാന്‍ പ്രകാരം 30 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ജില്ല ആശുപത്രിനവീകരണം യാഥാര്‍ഥ്യമാക്കുക. ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെ മികച്ച സേവനങ്ങള്‍ ഉള്‍പ്പെടുത്തി ജില്ല ആശുപത്രി നവീകരിക്കാനാണ് പദ്ധതി. ഒ.പി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് എയിംസ് മാതൃകയിലുള്ള ഇലക്ട്രോണിക് രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. നിലവില്‍ വിവിധ കെട്ടിടങ്ങളിലായി ചിതറിക്കിടക്കുന്ന ചികിത്സാസൗകര്യങ്ങള്‍ രോഗികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായവിധത്തില്‍ പുന$ക്രമീകരിക്കും. കാത് ലാബ്, സി.സി.യു സംവിധാനങ്ങളോടുകൂടിയ കാര്‍ഡിയോളജി വിഭാഗം, ഡയാലിസിസ് വിഭാഗം എന്നിവയുള്‍ക്കൊള്ളുന്ന പുതിയ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്ക് 50,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളായാണ് നിര്‍മിക്കുക. ജില്ല ആശുപത്രിയില്‍ നടന്ന ചര്‍ച്ചയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, കെ.എസ്.ഐ.ഡി.സി പ്രതിനിധി നെവിന്‍ ബിനോയ്, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത, ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ് എം.ഡി കെ.വി. സുരേന്ദ്രനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.