അഴിമതി തടയാന്‍ സാങ്കേതികവിദ്യ ഫലപ്രദം –കലക്ടര്‍

കണ്ണൂര്‍: അഴിമതി തടയാനുള്ള ഏറ്റവും ഫലപ്രദമായ കാര്യം ഭരണതലത്തില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണെന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഴിമതിവിരുദ്ധദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ സ്ഥലമാണ് കേരളം. എന്നാല്‍, ചെറിയതോതിലാണെങ്കിലും അദൃശ്യവും നൂതനരീതിയിലുമുള്ള അഴിമതിയാണ് ഇവിടെയുള്ളത്. നിയമപരമായി ചെയ്തുകിട്ടേണ്ട സേവനങ്ങള്‍ സമയബന്ധിതമായോ വേഗത്തിലോ കിട്ടാന്‍ സന്തോഷത്തോടെ പണംനല്‍കാന്‍ ജനങ്ങള്‍ക്ക് മടിയില്ല. സത്യസന്ധരായ ഉദ്യോഗസ്ഥര്‍പോലും അഴിമതിക്കാരാകാന്‍ ജനങ്ങളുടെ ഈ മനോഭാവം കാരണമാകുന്നുണ്ട്. ഓണ്‍ലൈന്‍പോലുള്ള സാങ്കേതികവിദ്യ ഭരണതലത്തില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ഇത്തരം അഴിമതി ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഡോ. പി.എന്‍. ഷിബു (വെറ്ററിനറി സര്‍ജന്‍, എടൂര്‍), ഡോ. സുര്‍ജിത് (സെക്രട്ടറി, പിണറായി ഗ്രാമപഞ്ചായത്ത്്), സി.കെ. രതീഷ് (അസി. എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍-ശ്രീകണ്ഠപുരം), എം.സി. സീനത്ത് (ഡെപ്യൂട്ടി തഹസില്‍ദാര്‍, ഇരിട്ടി), ലീന ബാലന്‍ (അക്കൗണ്ടന്‍റ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്്) എന്നിവരെ പരിപാടിയില്‍ ആദരിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പി എ.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. നാരായണന്‍ നമ്പൂതിരി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. വിജിലന്‍സ് സി.ഐമാരായ എ.പി. ചന്ദ്രന്‍ സ്വാഗതവും ടി. മധുസൂദനന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.