ഹരിതകേരള മിഷന് ഇന്ന് തുടക്കം

കണ്ണൂര്‍: മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ-കൃഷിവ്യാപന പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തെ ഹരിതാഭമാക്കാനുള്ള മഹത്തായ ദൗത്യത്തില്‍ കണ്ണൂര്‍ ജില്ലയും ഒറ്റക്കെട്ടായി ഇന്ന് പങ്കുചേരും. പുഴകളും കുളങ്ങളും വൃത്തിയാക്കിയും തെരുവോരങ്ങളിലെ മാലിന്യം നീക്കിയും തരിശുഭൂമിയില്‍ കൃഷിയിറക്കിയും പ്ളാസ്റ്റിക് ഹര്‍ത്താലാചരിച്ചും ജില്ലയിലെ ആയിരത്തിലേറെ തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ ഹരിതകേരള മിഷന്‍െറ ഉദ്ഘാടനദിനത്തില്‍ ആബാലവൃദ്ധം ജനങ്ങള്‍ കര്‍മരംഗത്തിങ്ങും. മുഴുവന്‍ സ്കൂളുകളിലും നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇളംതലമുറയും ഇതില്‍ പങ്കാളികളാകും. ഹരിതകേരള മിഷന്‍െറ ജില്ലതല ഉദ്ഘാടനം ചിറക്കല്‍ ചിറ ശുചീകരണത്തിലൂടെ നടക്കും. രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, സാഹിത്യകാരന്‍ ടി. പദ്മനാഭന്‍, ചിറക്കല്‍ രാജ സി.കെ. രവീന്ദ്രവര്‍മ, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്നി ശാരദ ടീച്ചര്‍ തുടങ്ങി രാഷ്ട്രീയ, കലാസാഹിത്യ, സാംസ്കാരിക, കായിക, മാധ്യമരംഗത്തെ പ്രമുഖര്‍ സന്നിഹിതരാകും. തലശ്ശേരി മൂഴിക്കര വണ്ണത്താന്‍കുളം നവീകരണം രാവിലെ 8.30ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ചെയര്‍മാനും ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി സെക്രട്ടറിയുമായ ജില്ല മിഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.