നോട്ട് നിരോധനം ചെറുകിട കച്ചവടക്കാരും ഡിജിറ്റലാകുന്നു

കണ്ണൂര്‍: നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജില്ലയിലെ ചെറുകിട കച്ചവടക്കാര്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് ഉപയോഗിക്കുന്നതിന് പദ്ധതി ഒരുങ്ങുന്നു. എന്‍.എസ്.എസ് വളന്‍റിയര്‍മാരെ ഉപയോഗിച്ച് ഇ-ബാങ്കിങ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം നല്‍കുകയാണ് ചെയ്യുക. ഇതുസംബന്ധിച്ച് ജില്ലയിലെ പ്രധാന ബാങ്ക് മാനേജര്‍മാരുടെ യോഗം ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നോട്ട് നിരോധനം വന്നതോടെ ജില്ലയിലെ ഒരുലക്ഷത്തിനടുത്ത് വരുന്ന ചെറുകിട കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. ജനങ്ങളുടെ കൈയില്‍ ആവശ്യത്തിന് പണമില്ലാത്തതും കടകളില്‍ ഡിജിറ്റല്‍ ബാങ്കിങ് സൗകര്യങ്ങളുമില്ലാത്തതും പ്രതികൂലമായി ബാധിച്ചു. ചെറുകിടക്കാരെ പതിവായി സമീപിച്ചവര്‍ ഇതോടെ ഷോപ്പിങ് മാളുകളെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും ആശ്രയിക്കാന്‍ തുടങ്ങി. പ്രതിസന്ധി പരിഹരിക്കുന്നതിന് വ്യാപാരികളുടെ സംഘടനകളും ആവശ്യപ്പെട്ടതോടെയാണ് കലക്ടര്‍ ബാങ്ക് മാനേജര്‍മാരെ വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിന് വഴി തേടിയത്. എല്ലാ കടകളിലും സൈ്വപിങ് മെഷീനുകള്‍ ഒരുക്കുകയും ഇ-വാലറ്റ് ഉപയോഗിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാനാണ് നിര്‍ദേശം ഉയര്‍ന്നത്. ഇതിനുള്ള ചെലവ് കടക്കാരില്‍നിന്നുതന്നെ ഈടാക്കും. സാങ്കേതിക പരിശീലനം ആവശ്യമായവര്‍ക്ക് അതും നല്‍കും. ജില്ലയിലെ എല്ലാ എന്‍.എസ്.എസ് വളന്‍റിയര്‍മാരെയും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തും. കമീഷന്‍ അടിസ്ഥാനത്തിലാണ് എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ ബാങ്കുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക. വളന്‍റിയര്‍മാര്‍ക്കുള്ള പരിശീലനം വൈകാതെ ആരംഭിക്കും. കച്ചവടക്കാര്‍ ഡിജിറ്റല്‍ ബാങ്കിങ്ങില്‍ പങ്കാളിയാകുന്നതോടെ പണം നേരിട്ട് കൈയില്‍ ഇല്ലാത്തതിന്‍െറ പ്രയാസങ്ങള്‍ മറികടക്കുന്നതിന് സാധിക്കും. വാറ്റ് നിയമപ്രകാരം 17,000 കച്ചവടക്കാരാണ് ജില്ലയില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. എന്നാല്‍, ഒരുലക്ഷത്തിനടുത്ത് കച്ചവടക്കാരാണ് ജില്ലയിലുള്ളതെന്നാണ് അനൗദ്യോഗിക കണക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.