ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തിന്പ്രത്യേക പാക്കേജ്

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസമേഖലയില്‍ ആരോഗ്യസംരക്ഷണത്തിന് ആരോഗ്യവകുപ്പ് പ്രത്യേക പാക്കേജിന് രൂപംനല്‍കി. ഒരു ഡോക്ടറും ഒരു നഴ്സും മാത്രമുള്ള പുനരധിവാസമേഖലയിലെ പി.എച്ച്.സിയില്‍ ആറു സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. പി.എച്ച്.സിയില്‍ എല്ലാ ബുധനാഴ്ചയുമാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉണ്ടാവുക. ദന്തരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ശിശുരോഗ വിദഗ്ധന്‍, സൈക്യാട്രിസ്റ്റ് എന്നിവരുടെ സേവനവും ലഭിക്കും. പുനരധിവാസ മേഖലയിലെ ആറു ബ്ളോക്കുകളിലും ഓരോ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാരുടെ സ്ഥിരനിയമനത്തിനും അനുമതി ലഭിച്ചിട്ടുണ്ട്. ആഴ്ചയില്‍ മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെയുള്ളവ നടത്തും. നിലവിലെ പി.എച്ച്.സിയില്‍ എല്ലാ മരുന്നുകളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് സൗകര്യം ഒരുക്കുന്നതിന് ആറളം ഫാമിന്‍െറ അധീനതയിലുള്ള വിവിധ ക്വാര്‍ട്ടേഴ്സുകള്‍ വിട്ടുകിട്ടാന്‍ ആദിവാസി പുനരധിവാസ മിഷന്‍ ഫാം മാനേജ്മെന്‍റിന് കത്ത് നല്‍കി. കെട്ടിടം വിട്ടുകിട്ടുന്ന മുറക്ക് ചികിത്സക്കുള്ള സൗകര്യം ഒരുക്കുമെന്ന് ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍ ഗിരീഷ് പറഞ്ഞു. വിദഗ്ധ ചികിത്സക്കായി പ്രദേശത്തെ ആദിവാസികള്‍ തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ജനറല്‍ ആശുപത്രികളെയാണ് സമീപിക്കുന്നത്. ദൂരവും സാമ്പത്തികപ്രയാസവും കാരണം പലരും ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നതാണ് മരണം ഉള്‍പ്പെടെ സംഭവിക്കാന്‍ ഇടയാക്കുന്നതെന്ന നിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രി മുന്‍കൈയെടുത്ത് പ്രത്യേക നിയമനത്തിന് ആരോഗ്യവകുപ്പ് അനുമതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.