ഹരിതകേരള മിഷന്‍: വാര്‍ഡ്തല പരിപാടികള്‍ എട്ടിന് തുടങ്ങും

കണ്ണൂര്‍: ഡിസംബര്‍ എട്ടിന് നടക്കുന്ന ഹരിതകേരള മിഷന്‍െറ ഭാഗമായി ജില്ലയിലെ ആയിരത്തിലേറെ വാര്‍ഡ്-ഡിവിഷനുകളിള്‍ വിവിധ ശുചീകരണ-ജലസംരക്ഷണ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടികളില്‍ പ്രദേശത്തെ എല്ലാവിഭാഗം ആളുകളുടെയും സഹകരണം ഉറപ്പാക്കും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് തലത്തില്‍ പ്രത്യേക സംഘാടകസമിതിക്ക് രൂപംനല്‍കിയിട്ടുണ്ട്. ജില്ലതല ഉദ്ഘാടനം ചിറക്കല്‍ ചിറശുചീകരണത്തിലൂടെ നിര്‍വഹിക്കും. എട്ടിന് രാവിലെ എട്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജനപ്രതിനിധികള്‍, രാജകുടുംബാംഗങ്ങള്‍, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 3000 വളന്‍റിയര്‍മാരുടെ സഹായത്തോടെയാണ് ചിറയിലെ മാലിന്യം നീക്കംചെയ്യുക. വെള്ളം കുറയുന്ന മുറക്ക് ചളി നീക്കംചെയ്യും. ഇക്കാര്യത്തില്‍ ചിറക്കല്‍ രാജകുടുംബം പൂര്‍ണ സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ട്. ഡിസംബര്‍ എട്ടിന് എല്ലാ വിദ്യാലയങ്ങളിലും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍െറ മുന്നോടിയായി എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ളി ചേര്‍ന്നു. ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ എല്ലാ വാര്‍ഡുകളിലും വിളംബരജാഥകള്‍ സംഘടിപ്പിക്കും. ജില്ലയൊട്ടാകെ എട്ടിന് പ്ളാസ്റ്റിക് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. വ്യക്തികളും സ്ഥാപനങ്ങളും ആ ദിവസം പ്ളാസ്റ്റിക് സഞ്ചികള്‍ ഉപയോഗിക്കില്ളെന്ന് തീരുമാനിക്കണം. മുഴുവന്‍ സര്‍ക്കാര്‍-സ്വകാര്യ വിദ്യാലയങ്ങളും വൃത്തിയാക്കിയ പ്ളാസ്റ്റിക് മാലിന്യം വിദ്യാര്‍ഥികളിലൂടെ ശേഖരിക്കാന്‍ തുടങ്ങി. എട്ടിനുശേഷമുള്ള എല്ലാ ബുധനാഴ്ചകളും ശേഖരണദിനമായി തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പ്ളാസ്റ്റിക് മാലിന്യം സംസ്കരണ കേന്ദ്രങ്ങളിലേക്കയക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കും. ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ളാസ്റ്റിക്മുക്ത ജില്ലയാക്കാനുദ്ദേശിച്ചുള്ള പ്ളാസ്റ്റിക് രഹിത കണ്ണൂര്‍-നല്ല മണ്ണ് നല്ല നാട് കാമ്പയിന്‍െറ ഭാഗമായി ഡിസംബര്‍ എട്ടോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഡിസ്പോസബിള്‍ ഫ്രീ പ്രഖ്യാപനം നടത്തും. മിക്ക സ്ഥാപനങ്ങളും ഈ നേട്ടം ഇതിനകം കൈവരിച്ചതായും കലക്ടര്‍ അറിയിച്ചു. വിവാഹമുള്‍പ്പെടെ എല്ലാ ചടങ്ങുകളും ഡിസ്പോസബിള്‍ രഹിതമാക്കുമെന്ന പ്രഖ്യാപനവും വാര്‍ഡ് തല മിഷന്‍ പരിപാടിയില്‍ നടത്തും. കോര്‍പറേഷനിലെ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്ത് അവിടങ്ങളില്‍ പുന്തോട്ടം നിര്‍മിക്കുമെന്ന് മേയര്‍ ഇ.പി. ലത പറഞ്ഞു. ശുചീകരണപ്രവൃത്തികളില്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കും. ജനുവരി മുതല്‍ കോര്‍പറേഷന്‍ പരിധിയില്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കുമെന്നും മേയര്‍ അറി യിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. നാരായണന്‍ നമ്പൂതിരി, ജില്ല പ്ളാനിങ് ഓഫിസര്‍ കെ. പ്രകാശന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.