അമ്പലത്തറ സോളാര്‍ പാര്‍ക്കില്‍ 50 മെഗാവാട്ട് പദ്ധതി ഡിസംബറില്‍ കമീഷന്‍ ചെയ്യും

കാഞ്ഞങ്ങാട്: ജില്ലയിലെ 200 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജപദ്ധതിയുടെ ആദ്യഘട്ടമായി അമ്പലത്തറയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാര്‍ക്കില്‍ 50 മെഗാവാട്ട് ശേഷിയുള്ള പദ്ധതി ഡിസംബറില്‍ കേന്ദ്ര ഊര്‍ജമന്ത്രി കമീഷന്‍ ചെയ്യുമെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അമ്പലത്തറയിലെ സോളാര്‍ പാര്‍ക്ക് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനോടൊപ്പം സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യഘട്ടമായി 30 മെഗാവാട്ട് വൈദ്യുതി സെപ്റ്റംബര്‍ മാസത്തോടെ ഉല്‍പാദിപ്പിക്കും. ഡിസംബറോടുകൂടി പദ്ധതി പൂര്‍ത്തീകരിക്കും. അമ്പലത്തറ വില്ളേജില്‍ സര്‍വേനമ്പര്‍ 100ലെ 300 ഏക്കര്‍ സ്ഥലത്തില്‍ ഇന്ത്യന്‍ റെന്യൂവബ്ള്‍ എനര്‍ജി ഡെവലപ്മെന്‍റ് ഏജന്‍സിയാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഇവിടെനിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ വൈദ്യുതിപ്രസരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 32.9 കോടി രൂപ ചെലവ് വരുന്ന സബ്സ്റ്റേഷന്‍ നിര്‍മിക്കും. സംസ്ഥാനത്തിന് അഭിമാനകരമായ പ്രോജക്ടാണിത്. സൗരോര്‍ജപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍, കെ.എസ്.ഇ.ബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ആര്‍. സുകു, ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ പി. കുമാരന്‍, റെന്യൂവബ്ള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അഗസ്റ്റിന്‍ തോമസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.