മലയോര ഹൈവേ: നിവേദകസംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും

ശ്രീകണ്ഠപുരം: മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി നിവേദകസംഘം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണും. രാവിലെ 10ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചര്‍ച്ച. എം.എല്‍.എമാരായ കെ.സി. ജോസഫ്, അഡ്വ. സണ്ണി ജോസഫ്, യു.ഡി.എഫ് ഇരിക്കൂര്‍ മണ്ഡലം കണ്‍വീനര്‍ സി.കെ. മുഹമ്മദ്, ചെയര്‍മാന്‍ തോമസ് വക്കത്താനം, മാത്യു എം. ചാലില്‍, വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കാണുക. പുതിയ ഉത്തരവിറക്കി പണി ദ്രുതഗതിയില്‍ നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കാസര്‍കോട് ജില്ലയിലെ നന്ദാരപടവു മുതല്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലവരെ 1332 കി.മീറ്റര്‍ റോഡാണ് മലയോര ഹൈവേയില്‍ ഉള്‍പ്പെടുന്നത്. ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയും കടന്നുപോകേണ്ടുന്ന ഹൈവേയുടെ ആദ്യഘട്ട പ്രവൃത്തി കണ്ണൂര്‍ ജില്ലയിലാണ് നടക്കുന്നത്. കണ്ണൂരിലെ ചെറുപുഴ വള്ളിത്തോടുവരെയുള്ള 59.04 കി.മീ റോഡ് പണിയാണ് നിലവില്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കണ്ണൂരില്‍മാത്രം 109 കി.മീറ്റര്‍ റോഡാണുള്ളത്. 237.02 കോടി ചെലവില്‍ നടക്കുന്ന പണിയാണ് പാതിവഴിക്ക് നിര്‍ത്തിവെച്ചത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കാരണംപറഞ്ഞ് കഴിഞ്ഞ മൂന്നിനാണ് മരാമത്ത് വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കേരള റോഡ് ഫണ്ട് ബോര്‍ഡിനോട് ഉത്തരവിട്ടത്. ഇതോടെ യു.ഡി.എഫ് പ്രതിഷേധവുമായി രംഗത്തുവരുകയും തുടര്‍ന്ന് കര്‍ഷകസംഘടനകളും മറ്റും പിന്തുണ പ്രഖ്യാപിച്ച് അണിചേരുകയുമാണുണ്ടായത്. ഹര്‍ത്താലും റോഡില്‍ അടുപ്പുകൂട്ടി സമരവും പ്രതിഷേധ പ്രകടനങ്ങളും സര്‍വകക്ഷിയോഗവുമെല്ലാം നടത്തിയതിനു പിന്നാലെ സെപ്റ്റംബര്‍ ഒമ്പതിന് ചെറുപുഴ മുതല്‍ വള്ളിത്തോടുവരെ മനുഷ്യച്ചങ്ങല തീര്‍ക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രി ചര്‍ച്ചക്ക് അനുമതിനല്‍കിയത്. അനുകൂലമായി ഉത്തരവിറക്കിയില്ളെങ്കില്‍ നിരാഹാരസമരമുള്‍പ്പെടെ നടത്താനും സര്‍വകക്ഷിയോഗം ധാരണയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.