പൊതുപണിമുടക്ക്; ജില്ലയില്‍ 137 സ്ഥലങ്ങളില്‍ സമരകേന്ദ്രങ്ങള്‍

കണ്ണൂര്‍: സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പൊതുപണിമുടക്കില്‍ ജില്ലയില്‍ 137 സമരകേന്ദ്രങ്ങള്‍ തുറക്കും. ഈ സമരകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ കേന്ദ്രീകരിക്കുമെന്നും പ്രകടനങ്ങള്‍ നടക്കുമെന്നും ട്രേഡ് യൂനിയന്‍ സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നിന് രാത്രി 12 മുതല്‍ രണ്ടിന് രാത്രി 12 വരെയാണ് പണിമുടക്ക്. ആശുപത്രി, മാധ്യമങ്ങള്‍, പാല്‍ എന്നിവയെയും ഹജ്ജിനു പോകുന്നവരെയും തടയില്ല. പൊതുജനങ്ങള്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെ സമരവുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘടിത മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിലാളികളെയും തൊഴില്‍ നിയമങ്ങളുടെ സംരക്ഷണത്തില്‍ നിന്നും ഒഴിവാക്കി അവര്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. ഇത് പ്രതിരോധിക്കുന്നതിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെയാണ് ദേശവ്യാപകമായി ട്രേഡ് യൂനിയനുകള്‍ സമരത്തിന് ഒരുങ്ങുന്നത്. പരമ്പരാഗത സംഘടിത, അസംഘടിത മേഖലയിലുള്ളവരും ബാങ്കിങ് ഇന്‍ഷുറന്‍സ് ജീവനക്കാരും കര്‍ഷക തൊഴിലാളി സംഘടനകളും യുവജന-വിദ്യാര്‍ഥി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കിന്‍െറ ഭാഗമായി ഇന്ന് പ്രാദേശികമായി പന്തം കൊളുത്തി പ്രകടനങ്ങള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍, എസ്.ടി.യു സംസ്ഥാന ട്രഷറര്‍ എം.എ. കരീം, എ.ഐ.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി സി.പി. സന്തോഷ്കുമാര്‍, ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. രവീന്ദ്രന്‍, ഐ.എന്‍.എല്‍.സി സംസ്ഥാന പ്രസിഡന്‍റ് എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.