ആദ്യ ഒ.ഡി.എഫ് ജില്ലയാവാന്‍ കണ്ണൂര്‍

കണ്ണൂര്‍: തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത (ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ -ഒ.ഡി.എഫ്) സംസ്ഥാനത്തെ ആദ്യജില്ലയെന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂരിന് ഇനി ഒരാഴ്ചകൂടി മതി. ഇതിനകം 63 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് പദവി കൈവരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. കേന്ദ്ര കുടിവെള്ള മന്ത്രാലയവും സംസ്ഥാന സര്‍ക്കാറും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കക്കൂസ് നിര്‍മിച്ചുകൊണ്ടാണ് ജില്ലയിലെ 63 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഈ നേട്ടം കൈവരിച്ചത്. പുതുതായി ഒ.ഡി.എഫ് പദവിയിലത്തെിയ 30 പഞ്ചായത്തുകള്‍ക്ക് ചടങ്ങില്‍ മന്ത്രി വെങ്കല മെഡലുകള്‍ സമ്മാനിച്ചു. ആഗസ്റ്റ് 30 ലക്ഷ്യമാക്കി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ചിറക്കല്‍, പാപ്പിനിശ്ശേരി, പടിയൂര്‍-കല്യാട്, പയ്യാവൂര്‍, മയ്യില്‍, ഉളിക്കല്‍, ഏരുവേശ്ശി, പായം, കീഴല്ലൂര്‍, അയ്യന്‍കുന്ന്, കൂടാളി, ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, ചെറുപുഴ, എരമം-കുറ്റൂര്‍, പെരിങ്ങോം- വയക്കര, കാങ്കോല്‍- ആലപ്പടമ്പ, കുഞ്ഞിമംഗലം, രാമന്തളി, കൊട്ടിയൂര്‍, കേളകം, ഉദയഗിരി, ആലക്കോട്, ചെങ്ങളായി, നടുവില്‍, കുറുമാത്തൂര്‍, പട്ടുവം, കടന്നപ്പള്ളി -പാണപ്പുഴ എന്നിവയാണ് പുതുതായി ഈ ലക്ഷ്യം കൈവരിച്ച ഗ്രാമ പഞ്ചായത്തുകള്‍. മേയ് 31നകം ഒ.ഡി.എഫ് പദവിയിലത്തെിയ 12 പഞ്ചായത്തുകള്‍ സ്വര്‍ണ മെഡലിനും ജൂലൈ 31ഓടെ പ്രഖ്യാപനം നടത്തിയ 21 പഞ്ചായത്തുകള്‍ വെള്ളി മെഡലിനും നേരത്തേ അര്‍ഹമായിരുന്നു. ഇരിക്കൂര്‍ കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ നാല് ബ്ളോക് പഞ്ചായത്തുകളെയും അനുവദിച്ച കാലാവധിക്കു മുമ്പേ ഈ നേട്ടം കൈവരിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെയും കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആദരിച്ചു. ബാക്കിയുള്ള അഴീക്കോട്, ആറളം, തില്ലങ്കേരി, കോളയാട്, മാലൂര്‍, മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ വര്‍ഷകാലമായതിനാലുള്ള വെള്ളക്കെട്ട്, ആദിവാസി കോളനികളില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് തടസ്സമായി നിലനില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി. സെപ്റ്റംബര്‍ അഞ്ചിനകം ഇവിടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. അടുത്ത മാസത്തോടെ ജില്ലയില്‍ എ.ബി.സി പദ്ധതി നടപ്പാക്കിത്തുടങ്ങുമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി സുമേഷ് അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്തും കോര്‍പറേഷനും 10 ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികള്‍ രണ്ടു ലക്ഷവും ഗ്രാമപഞ്ചായത്തുകള്‍ ഒരുലക്ഷം വീതവും നീക്കിവെക്കണമെന്നാണ് തീരുമാനം. ഈ തുക വകയിരുത്താതെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. ഒ.ഡി.എഫ് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.എം ഇ.മുഹമ്മദ് യൂസുഫ് അവതരിപ്പിച്ചു. മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ മാസ്റ്റര്‍, ശുചിത്വമിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വി.കെ. ദിലീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ.പത്മനാഭന്‍, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ സുരേഷ് കസ്തൂരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.