ഹര്‍ത്താല്‍, മലയോരം നിശ്ചലമായി

ശ്രീകണ്ഠപുരം/ചെറുപുഴ/ആലക്കോട്: ഹര്‍ത്താലിനെ തുടര്‍ന്ന് മലയോര ടൗണുകളില്‍ വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും തുറന്നുപ്രവര്‍ത്തിച്ചില്ല. വിദ്യാലയങ്ങളും തുറന്നില്ല. ഇരുചക്രവാഹനങ്ങളും ആശുപത്രി, വിവാഹം, പത്രം എന്നിവയുടെ വാഹനങ്ങളും മാത്രമാണ് സര്‍വിസ് നടത്തിയത്. തിങ്കളാഴ്ച ആരംഭിക്കേണ്ടിയിരുന്ന സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് മലയോരത്ത് ഒരിടത്തും നടന്നില്ല. മലയോര മേഖലയിലെ സ്കൂളുകളില്‍ ഇനി പുതുതായി ചോദ്യപേപ്പര്‍ തയാറാക്കി മാത്രമാവും പരീക്ഷ നടത്തുക. പയ്യാവൂരില്‍ റോഡില്‍ കല്ലുകള്‍ നിരത്തിയാണ് സമരക്കാര്‍ വാഹനഗതാഗതം സ്തംഭിപ്പിച്ചത്. പൊലീസ് എത്തി കല്ലുകള്‍ നീക്കം ചെയ്തു. ചെമ്പേരിയിലും ഇരിക്കൂറിലും ചെങ്ങളായിയിലും നടുവിലിലും കരുവഞ്ചാലിലുമുള്‍പ്പെടെ സമരക്കാര്‍ രാവിലെ മുതല്‍ വൈകീട്ടുവരെ റോഡില്‍ നിലയുറപ്പിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയ ലോറികളുമായി വന്ന ഡ്രൈവര്‍മാരും തൊഴിലാളികളും ഹര്‍ത്താലിനെ തുടര്‍ന്ന് പെരുവഴിയിലായി. ചെറുപുഴ, പുളിങ്ങോം, തിരുമേനി, കോഴിച്ചാല്‍ എന്നിവിടങ്ങളിലെല്ലാം കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടന്നു. ടാക്സികളും സര്‍വിസ് നിര്‍ത്തിവെച്ചു. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നു. വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. ചെറുപുഴ-പയ്യന്നൂര്‍ റൂട്ടിലെ സ്വകാര്യബസുകള്‍ പാടിയോട്ടുചാല്‍ ടൗണിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ചെറുപുഴയിലും സര്‍വിസ് അവസാനിപ്പിച്ചു. മലയോരത്തുനിന്നുള്ള യാത്രക്കാര്‍ കുറവായിരുന്നതിനാല്‍ സര്‍വിസ് നടത്തിയ ബസുകളുടെ എണ്ണത്തിലും കുറവുണ്ടായി. ചെറുപുഴ-ആലക്കോട് റൂട്ടില്‍ ബസ് ഗതാഗതം പൂര്‍ണമായി നിലച്ചു. ചെറുപുഴ- ചിറ്റാരിക്കാല്‍- വെള്ളരിക്കുണ്ട് റൂട്ടിലെ ബസുകള്‍ ചെറുപുഴ പുതിയപാലത്തിനടുത്ത് സര്‍വിസ് അവസാനിപ്പിച്ചു. മലയോര ഹൈവേയുടെ പ്രവൃത്തികളിലേര്‍പ്പെട്ടിരുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ തൊഴിലാളികളും പണിക്കിറങ്ങിയില്ല. ഹോട്ടലുകള്‍ അടഞ്ഞുകിടന്നതിനാല്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ അന്യദേശ തൊഴിലാളികള്‍ക്കും പൊലീസിനും ചീമേനി തുറന്ന ജയിലിന്‍െറ മൊബൈല്‍ ഭക്ഷണവില്‍പന യൂനിറ്റ് ചെറുപുഴയിലത്തെിയത് ആശ്വാസമായി. കഴിഞ്ഞദിവസം ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ പരാതിയില്ലാത്തതിനാല്‍ ആരുടെ പേരിലും കേസെടുത്തിട്ടില്ളെന്ന് ചെറുപുഴ പൊലീസ് അറിയിച്ചു. ആലക്കോട്, ശ്രീകണ്ഠപുരം ടൗണുകളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. ശ്രീകണ്ഠപുരത്ത് നടന്ന പ്രകടനത്തിന് കെ.സി. ജോസഫ് എം.എല്‍.എ, എം.ഒ. മാധവന്‍ മാസ്റ്റര്‍, പി.ജെ. ആന്‍റണി, പി.ടി. കുര്യാക്കോസ്, വി.പി. മൂസാന്‍, പി. ഗോവിന്ദന്‍, എം. പ്രകാശന്‍, എ.കെ. വാസു എന്നിവര്‍ നേതൃത്വം നല്‍കി. ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ്, എസ്.ഐ പി.ബി. സജീവ്, പയ്യാവൂര്‍ എസ്.ഐ സി. മല്ലിക എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സംഘം ടൗണുകളില്‍ നിലയുറപ്പിച്ചിരുന്നു. ആലക്കോട് ട്രഷറി, കെ.എസ്.ഇ.ബി എന്നിവ തുറക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സമ്മതിച്ചില്ല. സ്കൂളുകളും ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. വ്യാപാരികളും ഹര്‍ത്താലിനെ അനുകൂലിച്ച് പ്രസ്താവനകളിറക്കി. ഇരുചക്ര വാഹനങ്ങള്‍ ഓടിയത് തടഞ്ഞില്ല. ആലക്കോടുനിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് തേര്‍ത്തല്ലിയില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞിട്ടു. സ്വകാര്യ ബസുകള്‍ ഒന്നുംതന്നെ നിരത്തിലിറങ്ങിയില്ല. ആശുപത്രി, മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സര്‍വിസ് നടത്തിയ വാഹനങ്ങളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞില്ല. എന്നാല്‍, ചില സ്വകാര്യ വാഹനങ്ങള്‍ ഓടാന്‍ ശ്രമിച്ചത് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.കഴിഞ്ഞദിവസം ചെറുപുഴയില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാല്‍, ഹര്‍ത്താലില്‍ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.