തലശ്ശേരി-മൈസൂരു റെയില്‍പാത കര്‍ണാടക സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല നിലപാട് –സി.എം. ഇബ്രാഹീം

തലശ്ശേരി: തലശ്ശേരി -മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കര്‍ണാടക പ്ളാനിങ് ബോര്‍ഡ് ഉപാധ്യക്ഷനുമായ സി.എം. ഇബ്രാഹീം പറഞ്ഞു. തലശ്ശേരി വികസന വേദി പുതിയ ബസ്സ്റ്റാന്‍ഡ് ഓപണ്‍ സ്റ്റേജില്‍ സംഘടിപ്പിച്ച ‘തലശ്ശേരി ഇനി മുന്നോട്ട്’ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ ഇടപെടല്‍ തന്‍െറ ഭാഗത്തുനിന്നുണ്ടാകും. ഏത് വികസന സങ്കല്‍പവും യാഥാര്‍ഥ്യമാക്കാന്‍ ഇച്ഛാശക്തിയുള്ള മികച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്‍െറ മുന്‍കൈയില്‍ തലശ്ശേരി-മൈസൂരു പാത യാഥാര്‍ഥ്യമാക്കാന്‍ കഴിയും. പിണറായി വിജയന്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ടു വരുമെന്ന് വിശ്വാസം ഉള്ളത് കൊണ്ടാണ് സെമിനാറില്‍ പങ്കെടുക്കാന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക -കേരള സര്‍ക്കാറുകള്‍ മുന്നാട്ടു വന്നാല്‍ അഞ്ചുവര്‍ഷം കൊണ്ടുതന്നെ ഈ റെയില്‍വേ യാഥാര്‍ഥ്യമാക്കാനാകും. കണ്ണൂര്‍ വിമാനത്താവളം വന്നതുകൊണ്ട് തലശ്ശേരിക്ക് പ്രത്യേക നേട്ടമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍, തലശ്ശേരി- മൈസൂരു റെയില്‍പാത വന്നാല്‍ വിമാനത്താവളത്തിന്‍െറ ഗുണം തലശ്ശേരിക്കും കിട്ടും. തലശ്ശേരിയുടെ വളര്‍ച്ചക്ക് ഇത് ഏറെ പ്രയോജനപ്പെടും. സാമ്പത്തികമൊന്നും പാതയുണ്ടാക്കുന്നതിന് പ്രയാസം സൃഷ്ടിക്കില്ല. എത്ര ഫണ്ടു വേണമെങ്കിലും ചെലവാക്കാന്‍ തയാറുള്ളവര്‍ നിരവധിയുണ്ട്. ആറുമാസം കൊണ്ടുതന്നെ ഫണ്ട് നല്‍കാന്‍ ഇവര്‍ ഒരുക്കമാണ്. ഈ സാഹചര്യത്തില്‍ ലക്ഷ്യം നേടാന്‍ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍ ആമുഖപ്രഭാഷണം നടത്തി. വികസന വേദി സെക്രട്ടറി ഡോ. രാജീവ് നമ്പ്യാര്‍ വികസന രേഖ അവതരിപ്പിച്ചു. വികസന വേദി വൈസ് ചെയര്‍മാന്‍ ജോണ്‍സണ്‍ കലവൂര്‍ തലശ്ശേരി -മൈസൂരു റെയില്‍പാത പദ്ധതി വിശദീകരണം നടത്തി. എം.സി. പവിത്രന്‍ (സി.പി.എം), വി.എ. നാരായണന്‍, മണ്ണയാട് ബാലകൃഷ്ണന്‍ (കോണ്‍), എന്‍. ഹരിദാസ് (ബി.ജെ.പി), കെ. വിനയരാജ് (എന്‍.സി.പി), തച്ചറക്കല്‍ മഹമൂദ് (കോണ്‍-എസ്), അഡ്വ. മേരി മാത്യു (ജനതാദള്‍-യു), ജബീന ഇര്‍ഷാദ് (വെല്‍ഫെയര്‍ പാര്‍ട്ടി), എന്‍.കെ. മുസ്തഫ (സഹൃദയ വേദി ഓവര്‍സീസ്) എന്നിവര്‍ സംസാരിച്ചു. വികസന വേദി ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ ബി. അബ്ദുല്‍നാസര്‍ സ്വാഗതവും മേജര്‍ ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.