കൂത്തുപറമ്പ് നഗര വികസനത്തിന് കര്‍മസമിതി

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരവികസനം യാഥാര്‍ഥ്യമാക്കുന്നതിനുള്ള കര്‍മസമിതിക്ക് സര്‍വകക്ഷി യോഗം രൂപം നല്‍കി. മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. കൂത്തുപറമ്പ് ടൗണില്‍ ഗതാഗതക്കുരുക്കും പാര്‍ക്കിങ് പ്രശ്നങ്ങളും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്ഥലം എം.എല്‍.എ കൂടിയായ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. ടൗണിലും പരിസരങ്ങളിലുമുള്ള അനുബന്ധ റോഡുകളെ വികസിപ്പിച്ചാണ് ഗതാഗത പ്രശ്നത്തിന് പരിഹാരം കണ്ടത്തെുക. അതോടൊപ്പം നഗരസഭാ ഓഫിസ് മുതല്‍ മാര്‍ക്കറ്റ് പരിസരം വരെയുള്ള ഭാഗത്ത് മെയിന്‍ റോഡിലെ പാര്‍ക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തും. മട്ടന്നൂര്‍ റോഡിനെയും കണ്ണൂര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന പഴയനിരത്ത് ബൈപാസ് റോഡ് മെക്കാഡാം ടാറിങ് ചെയ്ത് നവീകരിക്കാനും യോഗം തീരുമാനിച്ചു. ടൗണില്‍ ഉപയോഗമില്ലാതെ കിടക്കുന്ന റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളുടെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പാര്‍ക്കിങ്ങിന് സ്ഥലം കണ്ടത്തെുക. സ്വകാര്യ പാര്‍ക്കിങ്ങിന് ആവശ്യമായ സൗകര്യവും ചെയ്തുകൊടുക്കും. നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍ ചെയര്‍മാനും മുന്‍ ചെയര്‍മാന്‍ കെ. ധനഞ്ജയന്‍ കണ്‍വീനറുമായ കമ്മിറ്റിക്ക് രൂപം നല്‍കി. നഗരവികസനം സംബന്ധിച്ച് മന്ത്രി വിളിച്ച് ചേര്‍ത്ത സുപ്രധാന യോഗത്തില്‍നിന്ന് സി.ഐ, എസ്.ഐമാരടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വിട്ടുനിന്നത് ചര്‍ച്ചയായി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചു. അഡീഷനല്‍ എസ്.ഐ ഇ. രാമചന്ദ്രന്‍ മാത്രമാണ് പൊലീസിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തത്. നഗരസഭാ ചെയര്‍മാന്‍ എം. സുകുമാരന്‍, വൈസ് ചെയര്‍പേഴ്സന്‍ എം.പി. മറിയംബീവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി, സന്നദ്ധ സംഘടനാ പ്രതിനിധികളായ കെ. ധഞ്ജയന്‍, സി. വിജയന്‍, സി.പി.ഒ. മുഹമ്മദ്, എന്‍. ധഞ്ജയന്‍, കെ. ജ്യോതി ബാബു, വി.കെ. ശിവദാസ്, വി.പി. മൊയ്തു, ടി. ലതേഷ്, പി. ബിജു, പി. ബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.