ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല

ചക്കരക്കല്ല്: ചാലയില്‍ നടന്ന ടാങ്കര്‍ദുരന്തത്തിന് നാലുവര്‍ഷം തികയുമ്പോഴും ഇരകള്‍ നഷ്ടപരിഹാരം അകലെ. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ദുരന്തത്തിനുശേഷം ചാലയില്‍ മന്ത്രിമാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഒഴുക്കായിരുന്നു. ഇനിയൊരുദുരന്തം നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയും ചെയ്തിരുന്നു. അപകടം സൃഷ്ടിച്ച ഡിവൈഡര്‍ മുറിച്ചുമാറ്റുകയും റിഫ്ളക്ടര്‍ സ്ഥാപിച്ച് മുന്‍കരുതലുകളെടുക്കുകയും ചെയ്തെങ്കിലും അപകടങ്ങള്‍ തുടരുന്നു. കണ്ണൂരിലെ മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ സലീമടക്കം നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാല ബൈപാസ് വഴി പോകുന്ന ടാങ്കര്‍ലോറികള്‍ അധികൃതര്‍ തടയുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോഴും അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മൂന്ന് അപകടങ്ങള്‍ നടന്നു. 2012 ആഗസ്റ്റ് 27ന് രാത്രി 12ഓടടുത്ത സമയത്തായിരുന്നു കണ്ണൂരിനെ നടുക്കിയ ദുരന്തമുണ്ടായത്. കോഴിക്കോട്ടേക്ക് പാചകവാതകവുമായി മംഗളൂരുവില്‍നിന്ന് വന്ന ടാങ്കര്‍ലോറി ചാല ബൈപാസിനു സമീപം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ടാങ്കറില്‍നിന്ന് പാചകവാതകം ചോര്‍ന്ന് തീപിടിച്ച് ടാങ്കര്‍ ഉഗ്രസ്ഫോടനത്തോടെ നാടാകെ തീപടരുകയായിരുന്നു. പ്രദേശത്തെ വീടുകളില്‍ കിടന്നുറങ്ങുകയായിരുന്നു 20 പേര്‍ പൊള്ളലേറ്റ് വെന്തുമരിക്കുകയായിരുന്നു. ഒട്ടേറെ കൃഷികളും വ്യാപാരസ്ഥാപനങ്ങളും നശിക്കുകയും ചെയ്ത ദുരന്തത്തിന്‍െറ നാലാം വാര്‍ഷികം ചാലയില്‍ വിവിധ പരിപാടികളോടെ നടന്നു. മരിച്ചവരുടെ സ്മരണപുതുക്കി പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും നടന്നു. കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ സുമ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കെ. പ്രീത അധ്യക്ഷത വഹിച്ചു. കെ.ജി. ബാബു, കെ.വി. രവീന്ദ്രന്‍, കൗണ്‍സിലര്‍ എന്‍. ബാലകൃഷ്ണന്‍, മഹേഷ് ചാല എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.