വിദ്വാന്‍ എന്‍. കോയിത്തട്ട ജന്മശതാബ്ദി 28ന് സമാപിക്കും

തലശ്ശേരി: വാസ്തുശാസ്ത്ര പണ്ഡിതനും കവിയും ഗ്രന്ഥകാരനുമായ വിദ്വാന്‍ എന്‍. കോയിത്തട്ടയുടെ ജന്മശതാബ്ദി ആഘോഷം ഞായറാഴ്ച സമാപിക്കും. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30ന് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ എം.പി. ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് 11മണിക്ക് ആരംഭിക്കുന്ന സാഹിത്യ സമ്മേളനത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചക്കുശേഷം രണ്ടിന് വാസ്തുശാസ്ത്ര സമ്മേളനം കാലടി സംസ്കൃത സര്‍വകലാശാല വാസ്തുവിദ്യാ ഡീന്‍ ഡോ. പി.വി. ഒൗസേഫ് ഉദ്ഘാടനം ചെയ്യും. ജന്മശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച് 27ന് കുടുംബസംഗമവും നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന സംഗമത്തില്‍ വിദേശത്തുനിന്നുള്‍പ്പെടെ മക്കളും പേരമക്കളും ബന്ധുക്കളും എത്തിച്ചേരും. കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് എന്‍. കോയിത്തട്ട ജന്മശതാബ്ദി ആഘോഷത്തിന് തിരിതെളിഞ്ഞത്. കവിസദസ്സ്, വാസ്തുവിദ്വല്‍സഭ തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. 1953ല്‍ ഏറ്റവും നല്ല മലയാള കവിതക്കുള്ള മദിരാശി സര്‍ക്കാറിന്‍െറ അംഗീകാരം നേടിയ ദീപശിഖ ഉള്‍പ്പെടെ ആറ് കവിതാ സമാഹാരവും കാശ്മീരിന്‍െറ കണ്ണുനീര്‍, ശാന്തിഗീതം എന്നീ ഖണ്ഡകാവ്യങ്ങളും കോയിത്തട്ട രചിച്ചിട്ടുണ്ട്. സൗന്ദര്യലഹരി ഉള്‍പ്പെടെ മൂന്ന് കൃതികള്‍ വിവര്‍ത്തനം ചെയ്തു. ആശാന്‍െറ സീത-അഗ്നിപരീക്ഷക്കുശേഷം, കവിത-പുതിയ കാഴ്ചപ്പാടില്‍ തുടങ്ങിയ അഞ്ച് വിമര്‍ശഗ്രന്ഥങ്ങളടക്കം 28 ഗ്രന്ഥങ്ങള്‍ എഴുതി. 1930കളില്‍ തലശ്ശേരി ബി.ഇ.എം.പി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. 1942-43 കാലത്ത് അതേ സ്കൂളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചു. 1990 ഒക്ടോബര്‍ ഏഴിനായിരുന്നു അന്ത്യം. വാര്‍ത്താസമ്മേളനത്തില്‍ ജന്മശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പി. വിജയന്‍, കോയിത്തട്ടയുടെ മകന്‍ സത്യനാരായണന്‍ കോയിത്തട്ട, മകള്‍ ബാലാമണി ആസ്ട്രേലിയ, പി.എന്‍. രാഘവന്‍, ദിലീപ് കുമാര്‍ പാറേമ്മല്‍, കെ.എം. ദിലീപ്കുമാര്‍, ദീപ്തി രാഘവന്‍, ദിവ്യരാഘവന്‍, പി. രഞ്ജിത്ത് കുമാര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.