ശ്രീകണ്ഠപുരം: സര്‍ക്കാര്‍ നിര്‍ത്തിവെച്ച മലയോര ഹൈവേ (ഹില്‍ഹൈവേ) പ്രവൃത്തി യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കിയതോടെ മലയോരത്ത് കര്‍ഷകരും വിവിധ സംഘടനകളും വിഷയത്തില്‍ സജീവമായി രംഗത്ത്. കഴിഞ്ഞയാഴ്ചയാണ് പ്രവൃത്തി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പദ്ധതി നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പണി നിര്‍ത്തിവെച്ച് സാമഗ്രികള്‍ എടുത്തുകൊണ്ടുപോയി തുടങ്ങി. ഇരിക്കൂര്‍ എം.എല്‍.എ കെ.സി. ജോസഫിന്‍െറ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കുമുള്‍പ്പെടെ മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെക്കരുതെന്ന് കാണിച്ച് നിവേദനം നല്‍കിയിരുന്നു. അതിനിടെ തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യു മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിയെയും ഫോണില്‍ ബന്ധപ്പെട്ടതോടെ മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെക്കില്ളെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കിയ മലയോര ഹൈവേ വിഷയം സി.പി.എം നേതാവുകൂടിയായ ജെയിംസ് മാത്യു എം.എല്‍.എ ഒറ്റദിനംകൊണ്ട് മറികടന്ന് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അറിയിക്കുകയായിരുന്നു. എന്നാല്‍, പണി നിര്‍ത്തിവെക്കുന്നതായി ഇറക്കിയ ഉത്തരവ് ഇതുവരെ റദ്ദാക്കാനോ പ്രവൃത്തി തുടരാനോ സര്‍ക്കാര്‍ നടപടിയുണ്ടായില്ളെന്നത് കുടിയേറ്റകര്‍ഷകരില്‍ ഏറെ അമര്‍ഷത്തിനിടയാക്കുകയും ചെയ്തു. കാസര്‍കോട് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം കടുക്കറവരെ പോകേണ്ട മലയോര ഹൈവേയുടെ ആദ്യഘട്ടം നടക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. നിലവില്‍ കണ്ണൂരിലെ ചെറുപുഴ മുതല്‍ വള്ളിത്തോടുവരെയുള്ള 59.4 കി.മീ റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി പണിനടക്കുന്നത്. സര്‍ക്കാറിന് ഫണ്ടില്ളെന്ന കാരണം പറഞ്ഞാണ് പ്രവൃത്തി നിര്‍ത്തിയത്. ഒപ്പംതന്നെ ടെന്‍ഡര്‍ ക്ഷണിക്കാതെയും ബജറ്റില്‍ തുക വകയിരുത്താതെയും മലയോര ഹൈവേ പണി നടത്തിയെന്നും സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് മലയോര ഹൈവേ പ്രവൃത്തിക്കുള്ള തുക എങ്ങനെ ലഭ്യമാക്കിയെന്നകാര്യം പുറത്തായത്. ജില്ലാതല പതാക നൗക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 237.2 കോടി രൂപ 59.4 കി.മീ മലയോര ഹൈവേ പ്രവൃത്തി നടത്താനായി ധാരണയുണ്ടാക്കി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയത്. ഒരു ലിറ്റര്‍ പെട്രോള്‍/ഡീസലിന് ഏര്‍പ്പെടുത്തിയ ഒരു രൂപ സെസില്‍ 50 പൈസ പി.ഡബ്ള്യൂ.ഡിക്ക് ജില്ലാ ഫ്ളാഗ്ഷിപ് (പതാക നൗക) പദ്ധതിക്ക് നല്‍കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പെട്രോള്‍-ഡീസല്‍ സെസുമായി ബന്ധപ്പെടുത്തിയാണ് കഴിഞ്ഞ സര്‍ക്കാര്‍ മലയോര ഹൈവേ പ്രവൃത്തിക്ക് അനുമതിനല്‍കിയത്. ഒന്നര വര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനും അതിനുശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ മാത്രം മുഴുവന്‍ തുകയും കരാറുകാര്‍ക്ക് നല്‍കാനുമാണ് ധാരണ. ഇതുപ്രകാരം പണി തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ പ്രവൃത്തി നിര്‍ത്തിവെച്ചത്. മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെച്ചതിനോടൊപ്പംതന്നെ മലപ്പുറം ജില്ലയിലെ രണ്ടു പ്രവൃത്തികളും നിര്‍ത്തിവെച്ചിരുന്നു. മലയോര ഹൈവേ പ്രവൃത്തി ഉടന്‍ പുനരാരംഭിക്കുന്നില്ളെങ്കില്‍ വലിയ സമരകോലാഹലങ്ങള്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നുറപ്പാണ്. രാഷ്ട്രീയഭേദമന്യേ പ്രതിഷേധം ശക്തിപ്പെട്ടാല്‍ അത് മലയോരമേഖലയില്‍ സര്‍ക്കാറിന്‍െറ പ്രതിച്ഛായ മോശമാകാനിടയാക്കും. മലയോര ഹൈവേ പ്രവൃത്തി നിര്‍ത്തിവെച്ച സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് 29ന് ഇരിക്കൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്. ഉത്തരവ് പിന്‍വലിച്ച് പണി തുടരുന്നില്ളെങ്കില്‍ നിരാഹാര സമരമുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ നടത്താന്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.