എയ്റോ ബ്രിഡ്ജിന് നാളെ ‘രാജകീയ യാത്ര’

കണ്ണൂര്‍: രണ്ടാഴ്ചമുമ്പ് അഴീക്കല്‍ തുറമുഖത്ത് കപ്പലിലത്തെിയ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എയ്റോ ബ്രിഡ്ജ് മൂര്‍ഖന്‍ പറമ്പിലത്തെിക്കാനുള്ള സാഹസിക യാത്രക്ക് നാളെ തുടക്കം. മൂന്ന് രാത്രികളിലായി പ്രത്യേക ട്രയിലറുകളിലായിരിക്കും യാത്ര. കണ്ണൂര്‍-മട്ടന്നൂര്‍ റൂട്ടില്‍ രാത്രിഗതാഗതം നിയന്ത്രിച്ചും വൈദ്യുതി ബന്ധം വേര്‍പെടുത്തിയും പ്രത്യേക സുരക്ഷയോടെയുള്ള യാത്ര ‘രാജകീയ’മായിരിക്കും. ഗതാഗതവകുപ്പ്, പൊലീസ്, വൈദ്യുതി, പൊതുമരാമത്ത്, തുറമുഖം തുടങ്ങിയ അരഡസനോളം വകുപ്പുകളുടെ മേല്‍നോട്ടവും ഉറക്കമൊഴിച്ച നിരീക്ഷണവും യാത്രയിലുണ്ടാവും. ഭീമാകാരമായ എയ്റോ ബ്രിഡ്ജ് വിമാനത്താവളത്തിലത്തെിക്കാനാവാതെ രണ്ടാഴ്ചയായി അഴീക്കല്‍ തുറമുഖത്ത് വെച്ചിരിക്കുകയായിരുന്നു. ആഗസ്റ്റ് പത്തിനാണ് കപ്പലില്‍ എയ്റോ ബ്രിഡ്ജ് അഴീക്കലില്‍ എത്തിയത്. വിമാനത്താവളത്തിന്‍െറ പാസഞ്ചര്‍ ടെര്‍മിനലിലേക്കുള്ളതാണിത്. റോഡ് മാര്‍ഗം നാളെ ഇത് കൊണ്ടുപോകുന്നതിനുള്ള ഒരുക്കം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെയും വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്നു. മൂന്ന് ഹൈഡ്രോളിക് ആക്സില്‍ ട്രെയിലറുകളിലായാണ് എയ്റോബ്രിഡ്ജ് ഉപകരണങ്ങള്‍ കൊണ്ടുപോവുക. 66 അടി നീളമുള്ളതിനാല്‍ മട്ടന്നൂരിലെ വളവുകളില്‍ എങ്ങനെ ഇവ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ട കരാറുകാര്‍ നേരത്തേ സ്ഥലം പരിശോധിച്ച് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. 11 അടി വീതിയുള്ളതിനാല്‍ ഇവ സഞ്ചരിക്കുന്ന റോഡില്‍ രാത്രി ഗതാഗതം നിയന്ത്രിക്കും. 17 അടി ഉയരമുള്ള എയ്റോ ബ്രിഡ്ജ് റോഡിന് കുറുകെയുള്ള വൈദ്യുതി ലൈന്‍ കടക്കില്ല. ഇതിന് പരിഹാരമായി ഓരോ വൈദ്യുതി ലൈനും ഇതിനനുസരിച്ച് നീക്കം ചെയ്ത് രാത്രി തന്നെ പുന:സ്ഥാപിക്കാനുള്ള വലിയൊരു ടീമിനെ വൈദ്യുതി വകുപ്പ് ഏര്‍പ്പെടുത്തും. ബ്രിഡ്ജ് പോകുന്ന വഴികളില്‍ അതിനാല്‍ വൈദ്യുതി ഉണ്ടായിരിക്കില്ല. ഒരു ബ്രിഡ്ജിന് 35 ടണ്‍ ഭാരമുള്ളതിനാല്‍ ഇത് കടന്ന് പോകേണ്ട റൂട്ടിലെ കലുങ്കുകളും മറ്റും പൊതുമരാമത്ത് വകുപ്പ് നേരത്തേ പരിശോധിച്ച് ഭാരം കടന്ന് പോകാവുന്നവിധത്തിലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചിലയിടത്ത് ബി.എസ്.എന്‍.എല്‍ ലൈനുകളും താല്‍ക്കാലികമായി മാറ്റേണ്ടി വരും. നാളെ രാത്രി 10ന് അഴീക്കല്‍ തുറമുഖത്ത് നിന്ന് മൂന്ന് ട്രയിലറുകളും പുറപ്പെടും. വിമാനത്താവളത്തിലത്തൊന്‍ മൂന്ന് രാത്രികളാണ് ഉപയോഗിക്കുക. ആദ്യ രാത്രി മേലെ ചൊവ്വയിലത്തെിക്കും. 28ന് രാത്രി 10ന് മേലെചൊവ്വയില്‍ നിന്ന് പുറപ്പെട്ട് 29ന് രാവിലെ ഏഴ് മണിയോടെ മട്ടന്നൂര്‍ വിമാനത്താവള പ്രദേശത്ത് എത്തിക്കാനാണ് പരിപാടി. എയ്റോ ബ്രിഡ്ജുമായുള്ള ട്രെയിലറുകള്‍ സഞ്ചരിക്കുന്ന വഴിയില്‍ മറ്റ് ഗതാഗതം പൊലീസ് പൂര്‍ണമായി നിയന്ത്രിക്കും. ദേശീയപാതയില്‍ ഒരു ഭാഗത്ത് മാത്രമായി ഈ സമയം ഗതാഗതം പരിമിതപ്പെടുത്തും. വാഹനങ്ങള്‍ പോകുന്ന വഴിയില്‍ 27, 28 തീയതികളില്‍ രാത്രി വൈദ്യുതി വിതരണം തടസ്സപ്പെടും. ഇതു സംബന്ധിച്ച് വിശദമായ പ്ളാന്‍ കെ.എസ്.ഇ.ബി തയാറാക്കി മുന്‍കൂട്ടി അറിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, എ.ഡി.എം മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ), ഗംഗാധരന്‍, ആര്‍.ടി.ഒ കെ.കെ. മോഹനന്‍ നമ്പ്യാര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സുധീര്‍ കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.