സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടം തെരുവില്‍ തന്നെ

കണ്ണൂര്‍: കോര്‍പറേഷന് കീഴിലെ കാംബസാറിന് സമീപത്തെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ അഞ്ചുകോടി രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച കെട്ടിടനിര്‍മാണം അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും തുറന്നുകൊടുക്കാനാവാത്തതോടെ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ കച്ചവടം ചളിനിറഞ്ഞ തെരുവില്‍. 2011ലാണ് നഗരസഭ സ്വന്തം ഫണ്ടും ഹഡ്കോയില്‍ നിന്നുള്ള നാല് കോടിയോളം രൂപ വായ്പയുള്‍പ്പെടെ അഞ്ച് കോടി രൂപ ചെലവിലുള്ള മൂന്ന് നില മാര്‍ക്കറ്റ് കെട്ടിടത്തിന്‍െറ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. പ്രവൃത്തി ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മൂന്ന് നില കെട്ടിടനിര്‍മാണം പൂര്‍ത്തിയായെങ്കിലും പ്ളംബിങ്, വയറിങ് തുടങ്ങി അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. ഇതോടെ കെട്ടിടം വ്യാപാരികള്‍ക്ക് കച്ചവടാവശ്യത്തിനായി വാടക ഈടാക്കി വിട്ടുനല്‍കാനാവാത്ത സ്ഥിതിയാണ്. താഴത്തെ നിലയില്‍ ആധുനിക സജ്ജീകരണങ്ങളോടെ മത്സ്യവില്‍പനക്കും പച്ചക്കറി വ്യാപാരികള്‍ക്കുമായുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഒന്നും രണ്ടും നിലകളില്‍ മാംസ വില്‍പനയുള്‍പ്പെടെയുള്ള മറ്റ് കച്ചവടക്കാര്‍ക്കും നല്‍കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. നഗരസഭയുടെ അധീനതയിലെ നാല്‍പത് സെന്‍േറാളം സ്ഥലത്തുണ്ടായിരുന്ന മത്സ്യവില്‍പന ഉള്‍പ്പെടെയുള്ള കച്ചവടക്കാരെ ഒഴിപ്പിച്ചാണ് പുതിയ കെട്ടിടനിര്‍മാണത്തിന് അധികൃതര്‍ തുടക്കമിട്ടത്. നിലവില്‍ ആറാട്ട് റോഡിലുള്ള പരിമിതമായ സൗകര്യത്തിലാണ് മത്സ്യവില്‍പന നടക്കുന്നത്. നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം തുറന്നുകൊടുക്കാനാവാത്തതോടെ മാര്‍ക്കറ്റിലെ ചില പച്ചക്കറി വ്യാപാരികള്‍ കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള മുറികള്‍ കൈയടക്കിക്കഴിഞ്ഞു. നഗരസഭ കോര്‍പറേഷനായതും ഭരണമാറ്റം വന്നതും നിര്‍മാണപ്രവര്‍ത്തനങ്ങളുടെ വേഗത കുറക്കാനിടയാക്കിയെന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, കരാറുകാരനുമായി ഭരണാധികാരികള്‍ തമ്മിലുള്ള തര്‍ക്കമാണ് വയറിങ് ഉള്‍പ്പെടെയുള്ള അനുബന്ധപ്രവൃത്തികള്‍ പൂര്‍ണമായും നിശ്ചലമാക്കാനിടയാക്കിയതെന്നും ആക്ഷേപമുണ്ട്. കെട്ടിടം പണി പൂര്‍ത്തിയാകാത്തതിനാല്‍ പലരും റോഡ് വക്കിലാണ് പച്ചക്കറി വില്‍പന നടത്തുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലുള്ള പച്ചക്കറി വില്‍പന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. ഹഡ്കോയില്‍ നിന്നും വായ്പാ തുക ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് യഥാസമയം വായ്പാ തിരിച്ചടവ് ആരംഭിക്കാന്‍ കഴിയാത്തതും കോര്‍പറേഷന് ഇരട്ടി നഷ്ടമുണ്ടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.