നവോത്ഥാന നായകരുടെ സ്മരണപുതുക്കാന്‍ കോണ്‍ഗ്രസും

കണ്ണൂര്‍: നവോത്ഥാന നായകരുടേയും ചരിത്രപുരുഷന്മാരുടേയും സ്മരണപുതുക്കാന്‍ വിപുലമായ പരിപാടികളുമായി കോണ്‍ഗ്രസും. വര്‍ഗീയശക്തികളും രാഷ്ട്രീയ ഫാഷിസ്റ്റുകളും സാമൂഹിക പരിഷ്കര്‍ത്താക്കളുടേയും നവോത്ഥാനനായകരുടേയും സ്വാതന്ത്ര്യസമര സേനാനികളുടേയും ഓര്‍മകളെ തട്ടിയെടുത്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ യാഥാര്‍ഥ്യം തുറന്നുകാട്ടാനാണ് വിപുലമായ പരിപാടികള്‍ക്ക് രൂപംനല്‍കിയതെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ അറിയിച്ചു. ഗാന്ധിജി, നെഹ്റു, ഇന്ദിര ഗാന്ധി എന്നീ ദേശീയ നേതാക്കന്മാരുടെയും നവോത്ഥാന നായകര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, സാമൂഹിക പരിഷ്കര്‍ത്താക്കള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുടേയും സ്മരണ പുതുക്കുന്നതിനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ രണ്ടു മുതല്‍ നവംബര്‍ 28വരെയാണ് വിവിധ പരിപാടികള്‍ നടത്തുന്നത്. ബൂത്ത് തലം തൊട്ട് ജില്ലാതലംവരെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ബൂത്ത് തലങ്ങളില്‍ രാവിലെ ഒമ്പതിന് ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും. പിന്നീട് ഒരാഴ്ച മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. ഒക്ടോബര്‍ 10 മുതല്‍ 24വരെ ജില്ലയിലെ 23 ബ്ളോക് കമ്മിറ്റികള്‍ ‘ഗാന്ധി-നെഹ്റു ദര്‍ശനങ്ങള്‍ ആനുകാലിക ഭാരതത്തില്‍’ വിഷയത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 14ന് അയ്യങ്കാളിയൂടെ ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാറാത്ത് ആലിങ്കീയില്‍നിന്ന് ഛായാപടം വഹിച്ചുള്ള സാംസ്കാരിക ഘോഷയാത്ര മാടായി കോളനിയിലേക്ക് നടത്തും. 22ന് സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന്‍െറ ഓര്‍മകളുമായി ശ്രീകണ്ഠപുരത്തുനിന്ന് ഇരിട്ടിയിലേക്ക് ഛായാപടവും വഹിച്ച് സന്ദേശയാത്ര സംഘടിപ്പിക്കും. 29ന് ദീപാവലി ദിനത്തില്‍ കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്ര പരിസരത്തുനിന്ന് ഉദ്ഘാടനം ചെയ്ത് തലശ്ശേരി ജഗന്നാഥ ക്ഷേത്രപരിസരത്ത് സമാപിക്കുന്ന ‘ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍’ ഉയര്‍ത്തിപ്പിടിച്ച് സാസ്കാരിക ദര്‍ശനയാത്ര സംഘടിപ്പിക്കും. ഒക്ടോബര്‍ 31ന് ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍ രാഷ്ട്രപുനരര്‍പ്പണ പ്രതിജ്ഞയും ‘ഓര്‍മകളിലെ പ്രീയദര്‍ശിനി’ എന്ന കൂട്ടായ്മയും കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കും. നവംബര്‍ അഞ്ചിന് ജവഹര്‍ ലൈബ്രറി ഹാളില്‍ ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചിത്രരചനാമത്സരം നടത്തും. 19ന് വൈകീട്ട് നാലിന് പയ്യാമ്പലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ശവകുടീരത്തില്‍നിന്ന് കെ.പി. കേശവമേനോന്‍െറയും രാമകൃഷ്ണപിള്ളയുടെയും ഛായാപടവും വഹിച്ച് അത്ലറ്റുകളുടെ അകമ്പടിയോടെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറിലേക്ക് അനുസ്മരണജാഥ. 24ന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ജന്മദിനത്തില്‍ വളപട്ടണത്തുനിന്ന് തളിപ്പറമ്പിലേക്ക് ഛായാപടവും വഹിച്ച് മതേതര സന്ദേശയാത്ര നടത്തും. സ്വാമി വിവേകാനന്ദന്‍, മന്നത്ത് പത്മനാഭന്‍, കെ. കേളപ്പന്‍ എന്നിവരുടെ ഛായാചിത്ര സന്ദേശയാത്ര നവംബര്‍ 28ന് കൂത്തുപറമ്പ് മാറോളിഘട്ടില്‍നിന്ന് പാനൂരിലേക്ക് സംഘടിപ്പിക്കും. നവംബര്‍ 14ന് ശിശുദിനത്തില്‍ കണ്ണൂരിലെ ജവഹര്‍ ബാലജനവേദി, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി, ദലിത് കോണ്‍ഗ്രസ്, ന്യൂനപക്ഷ കോണ്‍ഗ്രസ്, പ്രവാസി കോണ്‍ഗ്രസ്, വര്‍ഗ ബഹുജന സംഘടനകളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍റ് മൈക്കിള്‍സ് ഗ്രൗണ്ട് പരിസരത്തുനിന്ന് സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കുന്ന വമ്പിച്ച ഘോഷയാത്ര സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.